താനൂരില്‍ ബോട്ട് അപകടം നടന്ന സ്ഥലത്ത് ഇന്നും നാളെയും തെരച്ചില്‍ തുടരും; തീരുമാനം നടപടി ക്രമങ്ങൾ പൂർത്തിയാക്കുന്നതിന്റെ ഭാഗമായി

  • 08/05/2023

മലപ്പുറം: മലപ്പുറം താനൂരില്‍ ബോട്ട് അപകടം നടന്ന സ്ഥലത്ത് ഇന്നും നാളെയും തെരച്ചില്‍ തുടരാന്‍ തീരുമാനിച്ചു. അപകട സ്ഥലത്ത് എന്‍ഡിആര്‍എഫ് വീണ്ടും ഇറങ്ങും. നടപടി ക്രമം പൂര്‍ത്തിയാക്കുന്നത്തിന്റെ ഭാഗമായി മാത്രം ആണ് തെരച്ചില്‍ തുടരുന്നത്. താനൂരില്‍ അറ്റ്ലാന്‍റിക് എന്ന വിനോദ സഞ്ചാര ബോട്ട് മുങ്ങിയ ദുരന്തത്തില്‍സ 22 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. മരിച്ചവരില്‍ ഏറെയും കുട്ടികളാണ്. 15 കുട്ടികളും അഞ്ച് സ്ത്രീകളും രണ്ട് പുരുഷന്‍മാരും ആണ് മരിച്ചത്. നിലവില്‍ ആരെയും കാണാതായതായി അറിവില്ല.


നിലവില്‍ ആരെയും കണ്ടുകിട്ടാനില്ല. ആരും അപകടത്തില്‍പെട്ടതായി വിവരമില്ല. ഏറ്റവുമൊടുവില്‍ ഒരു കുട്ടിയെ കാണാനില്ല എന്ന് വിവരം ലഭിച്ചിരുന്നു. എന്നാല്‍ കാണാതായ എട്ടുവയസ്സുകാരന്‍ കോഴിക്കോട് ആശുപത്രിയില്‍ ചികിത്സയിലുണ്ടെന്ന് വിവരം ലഭിച്ചിരുന്നു. ഇന്നലത്തെ തിരക്കില്‍ ബന്ധുക്കള്‍ക്ക് കുട്ടിയെ കുറിച്ച്‌ വിവരം ലഭിച്ചിരുന്നില്ല. കുട്ടിയെ കാണാനില്ലെന്ന പരാതിയില്‍ അപകടം നടന്ന സ്ഥലത്ത് തിരച്ചില്‍ നടത്തുന്നതിനിടെയാണ് കുട്ടിയെ കണ്ടെത്തിയത്.

ബന്ധുക്കള്‍ തന്നെ ആശുപത്രികളില്‍ ചികിത്സയിലുള്ളവരില്‍ കുട്ടിയുണ്ടോയെന്ന് പൊലീസിനോട് ചോദിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കുട്ടിയെ മാറ്റിയിരുന്നുവെന്ന് മനസിലായത്. ഇതോടെ ഇനി അപകടത്തില്‍ പെട്ട ആരെയും കണ്ടുകിട്ടാനില്ലെന്നാണ് കരുതുന്നത്. ആരെയും കണ്ടെത്താനുള്ളതായി ഇപ്പോള്‍ പരാതി വന്നിട്ടില്ല. എന്നാല്‍ നടപടി ക്രമങ്ങളുടെ ഭാഗമായി ഇന്നും നാളെയും തിരച്ചില്‍ തുടര്‍ന്നേക്കുമെന്നാണ് ലഭിക്കുന്ന വിവരം.

Related News