കോണ്‍ഗ്രസിന്റെ ലീഡേഴ്സ് മീറ്റ് ഇന്ന് വയനാട്ടില്‍

  • 08/05/2023

കല്‍പ്പറ്റ: പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിനായി പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള കോണ്‍ഗ്രസിന്റെ ലീഡേഴ്സ് മീറ്റ് ഇന്ന് വയനാട്ടില്‍. രണ്ടുദിവസം ചേരുന്ന യോഗത്തില്‍ കെപിസിസി ഭാരവാഹികളും രാഷ്ട്രീയകാര്യ സമിതി അംഗങ്ങളും ഡിസിസി അധ്യക്ഷന്മാരുമാണ് പങ്കെടുക്കുന്നത്. സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ എന്നിവര്‍ ചര്‍ച്ചകളില്‍ പങ്കെടുക്കും.


നിലവിലെ രാഷ്ട്രീയ സംഘടനാ വിഷയങ്ങളില്‍ ഊന്നിയുള്ള ചര്‍ച്ചകളാണ് അജണ്ടയില്‍ ഉള്ളത്. കോഴിക്കോട് നടന്ന ചിന്തന്‍ ശിബിരത്തിലെ തീരുമാനങ്ങള്‍ പലതും നടപ്പായില്ലെന്ന വിമര്‍ശനം പാര്‍ട്ടിക്കുള്ളില്‍ ഉയരുന്ന പശ്ചാത്തലത്തിലാണ് രണ്ടാം ചിന്തന്‍ ശിബിരത്തിന് സമാനമായ ലീഡേഴ്സ് മീറ്റ് നടക്കുന്നത്. നിലവിലുള്ള രാഷ്ട്രീയ സാഹചര്യം കോണ്‍ഗ്രസിന് ഏറെ അനുകൂലമായതിനാല്‍ അതിനെ പരമാവധി ഉപയോഗിച്ച്‌ ജനങ്ങളിലേക്ക് കൂടുതല്‍ ആഴത്തിലും പരപ്പിലും എത്തുന്നതിനുള്ള തന്ത്രങ്ങള്‍ ലീഡേഴ്സ് മീറ്റില്‍ ആവിഷ്‌കരിക്കും.

അഴിമതി ആരോപണങ്ങളില്‍ ആടിയുലയുന്ന പിണറായി സര്‍ക്കാരിനെതിരെ ജനരോഷം ആളിക്കത്തുന്ന സാഹചര്യമാണുള്ളത്. എഐ ക്യാമറ,കെ-ഫോണ്‍ തുടങ്ങിയ വലിയ അഴിമതിക്കള്‍ക്കെതിരെയും നികുതി രാജിനെതിരെയും അതിശക്തമായ പ്രക്ഷോഭ പ്രചാരണ പരിപാടികള്‍ക്ക് രൂപം നല്‍കാനാണ് കോണ്‍ഗ്രസ് തീരുമാനം.

സാമൂഹിക സംഘടനകളെ ഒളിഞ്ഞും തെളിഞ്ഞും സ്വാധീനിക്കാനും ദുരുപയോഗിക്കാനും സംഘപരിവാര്‍ ശക്തികള്‍ നടത്തുന്ന ശ്രമങ്ങളുടെ പൊള്ളത്തരം ജനങ്ങളിലേക്ക് എത്തിക്കുവാനും അവയെ പ്രതിരോധിക്കുവാനും ആവശ്യമായ നടപടികള്‍ ചര്‍ച്ച ചെയ്ത് രൂപം നല്‍കും.സമൂഹത്തില്‍ വലിയ വിള്ളലുണ്ടാക്കുന്ന ഇത്തരം പൈശാചിക നീക്കങ്ങളെ അതിശക്തമായി എതിര്‍ക്കേണ്ട ഉത്തരവാദിത്വം കോണ്‍ഗ്രസ് ഏറ്റെടുക്കും.

Related News