താനൂര്‍ ബോട്ട് ദുരന്തം നടന്ന സ്ഥലം മനുഷ്യാവകാശ കമ്മീഷന്‍ നാളെ സന്ദര്‍ശിക്കും

  • 09/05/2023

താനൂര്‍: താനൂര്‍ ബോട്ട് ദുരന്തം നടന്ന സ്ഥലം മനുഷ്യാവകാശ കമ്മീഷന്‍ നാളെ സന്ദര്‍ശിക്കും. സംഭവത്തില്‍ കമ്മീഷന്‍ സ്വമേധയാ കേസ് എടുത്തിട്ടുണ്ട്. മലപ്പുറം ജില്ലാ കളക്ടര്‍, ജില്ലാ പോലീസ് മേധാവി, ആലപ്പുഴ ചീഫ് പോര്‍ട്ട് സര്‍വേയര്‍ എന്നിവര്‍ 10 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നു. അതേസമയം, ബോട്ട് ദുരന്തത്തില്‍ പ്രതിയായ ബോട്ടുമ നാസറിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പ്രതിയെ തിരൂര്‍ സബ്ജയിലിലേക്ക് മാറ്റിയിട്ടുണ്ട്.


പ്രതിക്കെതിരെ കോടതിക്ക് മുന്നില്‍ നാട്ടുകാര്‍ പ്രതിഷേധിച്ചു. റിമാന്‍്റിലായ നാസറിനെ പൊലീസ് കൊണ്ടുപോയി. നാസറിനെ വിട്ടുകിട്ടാന്‍ പൊലീസ് നാളെ കസ്റ്റഡി അപേക്ഷ നല്‍കും. ബോട്ട് ദുരന്തത്തില്‍ 22 പേരാണ് കൊല്ലപ്പെട്ടത്. ദുരന്തത്തിന് ശേഷം ബോട്ടുടമ നാസര്‍ ഒളിവില്‍ പോയിരുന്നു.

താനൂര്‍ ബോട്ടപകടത്തില്‍ സ്വമേധയാ കേസെടുക്കാന്‍ രജിസ്ട്രാറോട് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. വലിയ ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. അത്യധികമായ ദുഖഭാരത്താലാണ് ഉത്തരവെഴുതുന്നതെന്ന് കോടതി പറഞ്ഞു. എല്ലാ ദുരന്തങ്ങള്‍ക്ക് ശേഷവും പതിവ് അന്വേഷണമുണ്ടാകും. പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദേശിക്കപ്പെടും. പക്ഷേ പിന്നീട് എല്ലാവരും എല്ലാം മറക്കുമെന്ന് കോടതി ഉത്തരവില്‍ പറഞ്ഞു. സംസ്ഥാനത്ത് നൂറുകണക്കിന് ബോട്ടുകള്‍ ടൂറിസം രംഗത്തുണ്ട്. സമാന സംഭവം എപ്പോള്‍ വേണമെങ്കിലും കേരളത്തില്‍ എവിടെയും ആവര്‍ത്തിക്കപ്പെടാം. സംവിധാനം നോക്കുകുത്തിയായാല്‍ അത് എപ്പോള്‍ വേണമെങ്കിലും ഉണ്ടാകും. നിയമത്തെ ഭയപ്പെടുന്ന സാഹചര്യമുണ്ടാകണം, ജീവന്‍ ഇനിയും പൊലിയരുത്. ഇത് മുന്നില്‍ കണ്ടാണ് ഇടപെടുന്നതെന്നും കോടതി പറഞ്ഞു.

Related News