താനൂര്‍ ബോട്ട് ദുരന്തത്തില്‍ ബോട്ട് ഡ്രൈവര്‍ ദിനേശന്‍ പൊലീസിന്‍റെ പിടിയില്‍

  • 09/05/2023

മലപ്പുറം: താനൂര്‍ ബോട്ട് ദുരന്തത്തില്‍ ബോട്ട് ഡ്രൈവര്‍ ദിനേശന്‍ പൊലീസിന്‍റെ പിടിയില്‍. താനൂരില്‍ വെച്ചാണ് ദിനേശന്‍ പൊലീസിന്‍റെ പിടിയിലായായത്. ബോട്ടുമ നാസറിനെ ഇന്നലെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു. പ്രതിയെ തിരൂര്‍ സബ് ജയിലിലേക്ക് മാറ്റി. നാസറിനെ കസ്റ്റഡിയില്‍ ലഭിക്കാന്‍ നാളെ പൊലീസ് അപേക്ഷ നല്‍കും.


അതേസമയം, താനൂരില്‍ അപകടം വരുത്തിയ ബോട്ടില്‍ 37 പേരാണ് ഉണ്ടായിരുന്നതെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 22 പേര്‍ക്ക് സഞ്ചരിക്കാന്‍ ശേഷിയുള്ള ബോട്ടിലാണ് 37 പേരെ കയറ്റിയത്. ആളുകളെ ആശാസ്ത്രീയമായി കുത്തിനിറച്ചതാണ് അപകട കാരണം എന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി ബോട്ടിന്‍റെ ഡക്കില്‍ പോലും ആളുകളെ കയറ്റി. ഇവിടേക്ക് കയറാന്‍ സ്റ്റെപ്പുകള്‍ വെച്ചു. ഡ്രൈവര്‍ക്ക് ലൈസന്‍സ് ഉണ്ടായിരുന്നില്ല. മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തിയതാണ് വന്‍ ദുരന്തത്തിന് കാരണമെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം, ബോട്ടപകടം അന്വേഷിക്കാനുള്ള ജുഡീഷ്യല്‍ കമ്മീഷനെയും ഇന്ന് തീരുമാനിച്ചേക്കും. മന്ത്രിസഭായോഗത്തില്‍ ഇക്കാര്യം ചര്‍ച്ചയായേക്കും. ആറ് മാസമായിരിക്കും കമ്മീഷന്‍റെ കാലാവധി. ജുഡീഷ്യല്‍ അന്വേഷണത്തിന്‍്റ് ടേംസ് ഓഫ് റെഫറന്‍സും മന്ത്രിസഭയോഗം ചര്‍ച്ച ചെയ്യും. താനൂര്‍ ബോട്ടപകടത്തിന്റെ പശ്ചാത്തലത്തില്‍ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ വിളിച്ച ഉന്നതതല യോഗവും ഇന്ന് ചേരും. ബോട്ടുകളുടെ സുരക്ഷ ഉറപ്പാക്കാനുള്ള നിര്‍ദേശങ്ങളും, നിലവില്‍ ഉയര്‍ന്ന പരാതികളും ചര്‍ച്ചയാകും.

ബോട്ടുകളുടെ പരിശോധനയ്ക്കും സുരക്ഷ ഉറപ്പാക്കാനുംഎന്‍ഫോഴ്സ്മെന്‍റ് ഏജന്‍സി രൂപീകരിക്കാന്‍ ഇന്ന് തീരുമാനമെടുക്കും. മാരിടൈം ബോര്‍ഡ്, പൊലീസ്, ഫയര്‍ഫോഴ്‌സ്, റവന്യൂ വകുപ്പുകള്‍ ചേര്‍ത്തായിരിക്കും ഏജന്‍സി. ബോട്ടുകളുടെ ലൈസന്‍സ്, രജിസ്ട്രേഷന്‍, ഓടിക്കുന്നവരുടെ ലൈസന്‍സ് എന്നിവയില്‍ ഉയര്‍ന്ന പരാതികളും പരിശോധിക്കും.

Related News