യുവ ഡോക്ടര്‍ വന്ദനാ ദാസിനെ കൊലപ്പെടുത്തിയ പ്രതിയെ പൊതുവിദ്യാഭ്യാസ വകുപ്പ് സസ്‌പെന്‍ഡ് ചെയ്തു

  • 10/05/2023

തിരുവനന്തപുരം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ യുവ ഡോക്ടര്‍ വന്ദനാ ദാസിനെ കൊലപ്പെടുത്തിയ പ്രതിയെ പൊതുവിദ്യാഭ്യാസ വകുപ്പ് സസ്‌പെന്‍ഡ് ചെയ്തു. കൊലയാളിയായ പൂയപ്പള്ളി സ്വദേശി സന്ദീപ് (42) നെടുമ്ബന യു പി സ്‌കൂള്‍ അദ്ധ്യാപകനാണ്.


വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി ഫേസ്ബുക്കിലൂടെയാണ് സന്ദീപിനെ സസ്‌പെന്‍ഡ് ചെയ്ത വിവരം അറിയിച്ചത്. വകുപ്പുതല അന്വേഷണം നടത്തിയാണ് നടപടി.കര്‍ശനമായ തുടര്‍നടപടികള്‍ ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു.

ഇന്ന് പുലര്‍ച്ചെയാണ് സന്ദീപ് ഹൗസ് സര്‍ജനായ വന്ദനാ ദാസിനെ കൊലപ്പെടുത്തിയത്. തന്നെ ആക്രമിക്കുന്നെന്ന് പുലര്‍ച്ചെ സന്ദീപ് പൊലീസിനെ വിളിച്ചറിയിച്ചിരുന്നു. സ്വന്തം വീടിന് അരക്കിലോമീറ്റര്‍ അകലെയുള്ള ഒരു വീടിന് മുന്നിലാണ് കാലിന് പരിക്കേറ്റ നിലയില്‍ പൊലീസ് ഇയാളെ കണ്ടത്. തുടര്‍ന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു.

നഴ്സിംഗ് അസിസ്റ്റന്റ് ജയന്തിയുടെ നേതൃത്വത്തില്‍ മുറിവ് വൃത്തിയാക്കുന്നതിന്റെ ദൃശ്യങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഇതിനിടയില്‍ ബന്ധുവിനെ കണ്ടതോടെ ഇയാള്‍ അക്രമാസക്തനാകുകയും വന്ദനയടക്കമുള്ളവരെ കത്രികയെടുത്ത് കുത്തുകയുമായിരുന്നു.

Related News