യുവതിക്കൊപ്പം ഹെല്‍മെറ്റില്ലാതെ യാത്ര, എം വി ഡി ചിത്രമയച്ചത് ഭാര്യയുടെ ഫോണിലേക്ക്; കുടുംബ കലഹം

  • 10/05/2023

തിരുവനന്തപുരം: സംസ്ഥാനത്ത് റോഡ് നിയമലംഘനങ്ങള്‍ക്ക് പിഴയീടാക്കാന്‍ ക്യാമറ സ്ഥാപിച്ചതില്‍ വിവാദവും വിമര്‍ശനങ്ങളുമുയരുന്നനതിനിടെ, ക്യാമറ എടുത്ത ചിത്രത്തില്‍ 'കുടുങ്ങി' യുവാവ്. ഒരു യുവതിക്കൊപ്പം ഹെല്‍മെറ്റില്ലാതെ തിരുവനന്തപുരത്ത് റോഡിലൂടെ യാത്രചെയ്യുകയായിരുന്ന യുവാവിന്റെ ചിത്രം ഭാര്യയുടെ ഫോണിലേക്ക് മോട്ടോര്‍ വാഹന വകുപ്പ് അയച്ചതോടെയാണ് കാര്യങ്ങള്‍ കുടുംബ കലഹത്തിലേക്ക് നീങ്ങിയത്. യുവാവിനെതിരായി ഭാര്യയുടെ പരാതിയില്‍ മറ്റൊരു കേസുമെടുത്തു.


ഏപ്രില്‍ 15-ന് യുവാവ് ഒരു യുവതിക്കൊപ്പം ഹെല്‍മറ്റില്ലാതെ തിരുവനന്തപുരം നഗരത്തിലൂടെ ഇരുചക്രവാഹനത്തില്‍ സഞ്ചരിക്കുന്നതിന്റെ ചിത്രമാണ് വാഹനത്തിന്റെ ആര്‍.സി. ഓണറായ ഭാര്യയുടെ ഫോണിലേക്ക് എം.വി.ഡി. അയച്ചത്. നിയമലംഘനത്തിനുള്ള പിഴയടക്കമായിരുന്നു സന്ദേശം. ചിത്രം കണ്ട് കൂടെയുണ്ടായിരുന്ന യുവതിയാരാണെന്ന് ഭാര്യ ഭര്‍ത്താവിനെ ചോദ്യംചെയ്തു. എന്നാല്‍, അപരിചിതയായ യുവതിക്ക് ലിഫ്റ്റ് നല്‍കുകയായിരുന്നുവെന്ന് യുവാവ് വിശദീകരിച്ചു.

ഇടുക്കി സ്വദേശിയായ 32-കാരനാണ് എം.വി.ഡിയുടെ നോട്ടീസില്‍ പൊല്ലാപ്പിലായത്. തുണിക്കടയിലെ ജീവനക്കാരനാണ് ഇയാള്‍. ചിത്രത്തെച്ചൊല്ലി യുവാവും ഭാര്യയും തര്‍ക്കമുണ്ടായി. തുടര്‍ന്ന് തന്നേയും മൂന്ന് വയസുകാരിയായ മകളേയും മര്‍ദിച്ചുവെന്ന് കാണിച്ച്‌ ഭാര്യ കരമന പോലീസില്‍ യുവാവിനെതിരേ പരാതി നല്‍കി. പരാതിയില്‍ വിവിധ വകുപ്പുകള്‍ ചുമത്തിയാണ് ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്.

യുവതിയുടെ മൊഴിയെത്തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത യുവാവിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 321, 341, 294 വകുപ്പുകളും ജുവനൈല്‍ ജസ്റ്റിസ് ആക്ടിന്റെ 75-ാം വകുപ്പും ചേര്‍ത്താണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. മേയ് അഞ്ചിനാണ് യുവതി പോലീസില്‍ പരാതി നല്‍കിയത്.

Related News