താനൂർ ബോട്ടപകടം: ഉടമ നാസറിന്റെ അറിവോടെയാണ് നിയമലംഘനങ്ങള്‍ നടത്തിയിരുന്നതെന്ന് സ്രാങ്ക് ദിനേശന്റെ വെളിപ്പെടുത്തല്‍

  • 11/05/2023

മലപ്പുറം: താനൂര്‍ ബോട്ട് അപകടത്തില്‍ ഉടമ നാസറിന്റെ അറിവോടെയാണ് നിയമലംഘനങ്ങള്‍ നടത്തിയിരുന്നതെന്ന് സ്രാങ്ക് ദിനേശന്റെ വെളിപ്പെടുത്തല്‍. നേരത്തെയും നിരവധി തവണ ആളുകളെ കുത്തിനിറച്ചും ഡക്കില്‍ കയറ്റിയും സര്‍വീസ് നടത്തിയതായും ദിനോശന്‍ മൊഴി നല്‍കി. ബോട്ടിലെ സഹായികളായ മൂന്ന് പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.


അപ്പു, അനില്‍, ബിലാല്‍ എന്നിവരെയാണ് പൊലീസ് ഇന്നലെ രാത്രി അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ ദിനേശനെ പരപ്പനങ്ങാടി കോടതി റിമാന്‍ഡ് ചെയ്തു. റിമാന്‍ഡിലുള്ള ബോട്ടുടമയെ കസ്റ്റഡിയില്‍ ലഭിക്കാന്‍ പൊലീസ് ഇന്ന് അപേക്ഷ നല്‍കും. മത്സ്യബന്ധന ബോട്ട് രൂപമാറ്റം വരുത്തി സര്‍വീസ് നടത്താന്‍ ഉദ്യോഗസ്ഥരില്‍ നിന്നും ലഭിച്ച സഹായങ്ങളെക്കുറിച്ച്‌ കൂടുതലറിയാന്‍ നാസറിനെ ചോദ്യം ചെയ്യേണ്ടതുണ്ട്. ബോട്ടുടമ നാസറിനെ ഇന്നലെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു. പ്രതിയെ തിരൂര്‍ സബ് ജയിലിലേക്ക് മാറ്റിയിട്ടുണ്ട്.

താനൂര്‍ ബോട്ട് അപകടം അന്വേഷിക്കാന്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിച്ചു. ജസ്റ്റിസ് വി കെ മോഹനന്‍റെ നേതൃത്വത്തിലുള്ള സമിതിയെയാണ് മന്ത്രിസഭാ യോഗം ചുമതലപ്പെടുത്തിയത്. സംസ്ഥാനത്തെ മുഴുവന്‍ യാനങ്ങളിലും സ്പെഷ്യല്‍ സ്ക്വാഡ് രൂപീകരിച്ച്‌ പരിശോധന നടത്താന്‍ തുറമുഖമന്ത്രി അഹമ്മദ് ദേവര്‍കോവിലിന്‍റെ അധ്യക്ഷതയില്‍ ഇന്നലെ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു.

ബോട്ടുകളില്‍ കയറ്റാവുന്ന പരമാവധി യാത്രക്കാരുടെ എണ്ണം പൊതുജനങ്ങള്‍ക്ക് കാണാവുന്ന രീതിയില്‍ പ്രദര്‍ശിപ്പിക്കും. തദ്ദേശസ്ഥാപനങ്ങളുടെ മേല്‍നോട്ടത്തില്‍ ജാഗ്രതാ സമിതികള്‍ രൂപീകരിക്കാനും തീരുമാനമായി.

Related News