ഡോക്ടര്‍ വന്ദനയുടെ മരണത്തില്‍ അനുശോചനമറിയിച്ച്‌ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി

  • 11/05/2023

കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ അക്രമിയുടെ കുത്തേറ്റ് കൊല്ലപ്പെട്ട ഡോക്ടര്‍ വന്ദനയുടെ മരണത്തില്‍ അനുശോചനമറിയിച്ച്‌ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഡോക്ടര്‍ വന്ദനയുടെ കുടുംബാംഗങ്ങളെ രാഹുല്‍ ഗാന്ധി അനുശോചനമറിയിച്ചു. ആരോഗ്യപ്രവര്‍ത്തകര്‍ തുടര്‍ച്ചയായി ആക്രമിക്കപ്പെടുന്നത് ആശങ്കാജനകമെന്നും രാഹുല്‍ ഗാന്ധി പ്രതികരിച്ചു. അവരുടെ സുരക്ഷ സര്‍ക്കാരിന്റെ മുഖ്യപരിഗണന ആയിരിക്കണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.


ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചു. നിയമ നിര്‍മ്മാണം അടക്കമുള്ള വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യും. ഇന്ന് ഉച്ചക്ക് 3.30ന് മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളില്‍ ആണ് യോഗം ചേരുന്നത്. ആരോഗ്യ വകുപ്പ് മന്ത്രി, ചീഫ് സെക്രട്ടറി, ആഭ്യന്തരസെക്രട്ടറി, ആരോഗ്യ വകുപ്പ് സെക്രട്ടറി, നിയമ സെക്രട്ടറി, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍, സംസ്ഥാന പോലീസ് മേധാവി, എ ഡി ജി പിമാര്‍, ബന്ധപ്പെട്ട മറ്റ് വകുപ്പ് തലവന്മാര്‍ എന്നിവരുടെ അടിയന്തിര യോഗമാണ് ചേരുന്നത്. കൊട്ടാരക്കരയില്‍ ഡോ. വന്ദന ദാസ് കൊല്ലപ്പെട്ട സാഹചര്യത്തിലാണ് ഉന്നതതല യോഗം ചേരുന്നത്.

അതേസമയം, വന്ദനയുടെ കൊലപാതകത്തില്‍ വിവിധയിടങ്ങളില്‍ പ്രതിഷേധം നടക്കുകയാണ്. വിവിധ സംഘടനകളുടെ നേതൃത്വത്തിലാണ് പ്രതിഷേധം. അതിനിടെ, സംഭവത്തില്‍ രൂക്ഷ വിമര്‍ശനം തുടരുകയായിരുന്നു ഹൈക്കോടതി. ഡോക്ടര്‍മാര്‍ ഇന്നും സമരത്തിലല്ലേ എന്ന് കോടതി ചോദിച്ചു, എത്രയോ ആളുകളാണ് ചികിത്സക്കായി കാത്തുനില്‍ക്കുന്നത്, ഈ സമയത്ത് എന്തെങ്കിലും സംഭവിച്ചാല്‍ എന്ത് ചെയ്യും, ഇപ്പോഴത്തേത് സമരമല്ലെന്നും ഡോക്ടര്‍മാരുടെ ഭയം കൊണ്ടാണെന്നും കോടതി പറഞ്ഞു. ഡോക്ടര്‍മാരുടെ സമരം ഒന്നും നേടിയെടുക്കാനല്ല. ഭയത്തില്‍ നിന്നാണ് സമരം നടത്തുന്നത്. എങ്ങനെയാണ് ഇവിടെ പേടിച്ച്‌ ജീവിക്കുക. വിഷയം ആളിക്കത്താതിരിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കണം.

Related News