കർണാടക ഫലം: ബിജെപി മുക്ത ദക്ഷിണ ഭാരതം സാധ്യമായതായി മുസ്ലീം ലീഗ്

  • 13/05/2023

കോഴിക്കോട്: കര്‍ണാടകയിലെ തെരഞ്ഞെടുപ്പ് ഫലം മതേതര ഇന്ത്യയെ തിരിച്ചുപിടിക്കാനുള്ള അവസരമാണെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം പ്രതികരിച്ചു. ദേശീയ രാഷ്ട്രീയത്തില്‍ പ്രതീക്ഷകള്‍ക്ക് വക നല്‍കുന്ന തെരഞ്ഞെടുപ്പ് ഫലമാണിത്. ഹിജാബ് നിരോധനത്തിലൂടെയും മുസ്ലിം സംവരണം എടുത്തുകളഞ്ഞും വര്‍ഗ്ഗീയ ധ്രുവീകരണത്തിന് ശ്രമിച്ച ബി.ജെ.പിയെ ജനം തള്ളിക്കളഞ്ഞു. കര്‍ണാടകയിലെ ഭൂരിപക്ഷം ജനങ്ങളും മതനിരപേക്ഷതക്കു വേണ്ടി നിലകൊണ്ടു.


വര്‍ഗ്ഗീയ കാര്‍ഡ് ഉപയോഗിച്ച്‌ അധിക കാലം ബി.ജെ.പിക്ക് മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന് തെളിയിക്കുന്നതാണ് കര്‍ണാടകയിലെ തെരഞ്ഞെടുപ്പ് ഫലം.- അദ്ദേഹം വ്യക്തമാക്കി. മതേതര വോട്ടുകള്‍ ഭിന്നിക്കാതിരിക്കാനാണ് കര്‍ണാടകയില്‍ മുസ്ലിംലീഗ് ശ്രമിച്ചത്. ആ ശ്രമം വിജയം കണ്ടു. രാജ്യത്ത് ജനാധിപത്യവും മതേതരത്വവും നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്നവരെല്ലാം ഈ തെരഞ്ഞെടുപ്പ് വിജയത്തില്‍ ആഹ്ലാദിക്കുന്നുണ്ട്.

കോണ്‍ഗ്രസിന്റെ ഈ വിജയം രാജ്യം മുഴുവന്‍ സ്‌നേഹത്തിന്റെ സന്ദേശം പ്രചരിപ്പിക്കാനായി നടന്നുതീര്‍ത്ത രാഹുല്‍ ഗാന്ധിയുടെ വിജയം കൂടിയാണ്. ബി.ജെ.പി മുക്ത ദക്ഷിണേന്ത്യ സാധ്യമായിരിക്കുന്നു എന്നത് ചെറിയ കാര്യമല്ല. ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്ക് രാജ്യം നടന്നുനീങ്ങുമ്ബോള്‍ കര്‍ണാടക നല്‍കുന്നത് വലിയ പ്രതീക്ഷ തന്നെയാണ്.

വര്‍ഗീയതക്കും വെറുപ്പിനുമെതിരെ കര്‍ണാടക പ്രതികരിച്ചിരിക്കുന്നു. സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും രാഷ്ട്രീയത്തെ അവര്‍ സ്വീകരിച്ചിരിക്കുന്നു. ഈ രാഷ്ട്രീയ സംസ്‌കാരം രാജ്യം മുഴുവന്‍ പടരട്ടെ എന്നാണ് ജനാധിപത്യ വിശ്വാസികള്‍ ആഗ്രഹിക്കുന്നതെന്നും പി.എം.എ സലാം പറഞ്ഞു.

Related News