ട്രാൻസ്‌മെൻ പ്രവീൺനാഥിന്റെ മരണത്തിൽ പങ്കാളി റിഷാന ഐഷുവിനെതിരെ ആരോപണവുമായി സഹയാത്രിക കൂട്ടായ്മ

  • 13/05/2023

ട്രാന്‍സ്‌മെന്നും മുന്‍ മിസ്റ്റര്‍ കേരളയുമായ പ്രവീണ്‍ നാഥിന്റെ മരണത്തില്‍ പങ്കാളി റിഷാന ഐഷുവിനെതിരെ ആരോപണവുമായി സഹയാത്രിക കൂട്ടായ്മ. റിഷാനയില്‍ നിന്നും പ്രവീണ്‍ നേരിട്ടത് ക്രൂരമായ പീഡനമെന്നാണ് ആരോപണം. മരിക്കുന്നതിനു മുന്‍പ് പ്രവീണ്‍ വളരെ ദുര്‍ബലമായ മാനസികാവസ്ഥയിലൂടെയാണ് കടന്ന് പോയിരുന്നതെന്നും പ്രവീണിന്റെ കുടുംബത്തോടൊപ്പം സഹയാത്രികയും നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും ഫേയ്സ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കി.


"ഏപ്രില്‍ രണ്ടിന് റിഷാന അയ്‌ഷു കസേര കൊണ്ട് പ്രവീണിന്റെ തലക്ക് അടിച്ചു, തുടര്‍ന്ന് തലയ്ക്ക് രണ്ടു സ്റ്റിച്ചും കൂടാതെ കൈക്ക് സാരമായ പരിക്കും സംഭവിച്ചിരുന്നു. സുഹൃത്തുക്കള്‍ ചേര്‍ന്ന് തൃശൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍നോട്‌ അപകടം സംഭാവിച്ചതാണ് എന്നാണു പ്രവീണ്‍ പറഞ്ഞത്. പിന്നീട് ഏപ്രില്‍ 10നു റിഷാന, പ്രവീണിനെ അടിവയറ്റില്‍ ചവിട്ടുകയും ഷാള്‍ ഉപയോഗിച്ച്‌ കഴുത്ത് മുറുക്കി ശ്വാസം മുട്ടിക്കുകയും ഉണ്ടായി.

വൈകിട്ട് സഹയാത്രിക ടീമിനെ വിവരം അറിയിച്ച പ്രവീണിനെ ഉടന്‍ തന്നെ തൃശൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചിരുന്നു. ആവശ്യമായ ചികിത്സ നേടിയ പ്രവീണ്‍ ഏപ്രില്‍ 10നും ഏപ്രില്‍ 2നും തനിക്കു സംഭവിച്ച അതിക്രമങ്ങളെ കുറിച്ച്‌ ഡോക്ടറോട്‌ വിശദീകരിക്കുകയും അവയെല്ലാം രേഖപെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ പൊലീസ് ബന്ധപെട്ടപ്പോള്‍ പ്രവീണ്‍ റിഷാനക്ക്‌ എതിരെ ക്രിമിനല്‍ കുറ്റം ചുമത്താന്‍ വിസമ്മതിച്ചു. ശേഷം, ഏപ്രില്‍ 20നു രാത്രി പ്രവീണിന് റിഷാനയില്‍ നിന്നും പല തരത്തില്‍ ഉള്ള ശാരീരികവും മാനസികവും ലൈംഗികവുമായ അതിക്രമങ്ങള്‍ നേരിടേണ്ടി വന്നു.

കത്തികൊണ്ട് മുറിപ്പെടുത്തല്‍, ശ്വാസം മുട്ടിക്കാന്‍ ശ്രമിക്കല്‍, ബന്ധനസ്ഥനാക്കല്‍, ലൈംഗിക പീഡനം, ഒരു ട്രാന്‍സ്മാന്‍ എന്ന രീതിയില്‍ അപമാനിക്കുന്ന വീഡിയോ എടുത്തു അത് സാമൂഹ്യ മാധ്യമത്തില്‍ പങ്കിടുമെന്ന് ഭീഷണി നേരിടുക എന്നിങ്ങനെ പലതും അദ്ദേഹത്തിനു അനുഭവിക്കേണ്ടി വന്നു. സഹയാത്രിക ടീം ഏപ്രില്‍ 21നാണ് ഈ വിവരങ്ങള്‍ മനസിലാക്കുന്നത്‌. തുടര്‍ന്ന് ഏപ്രില്‍ 22നു തൃശൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവീണിനെ എത്തിച്ചു.

പ്രവീണ്‍ പലരോടും തന്‍റെ പങ്കാളിയില്‍ നിന്നുള്ള മോശം അനുഭവങ്ങള്‍ പങ്കുവച്ചിരുന്നു എങ്കിലും, റിഷാന തന്നോടുള്ള സ്നേഹം കൊണ്ടാണ് ഇത്തരത്തില്‍ പെരുമാറുന്നത് എന്ന് പ്രവീണ്‍ പലപ്പോഴും വിശ്വസിച്ചിരുന്നു. ഈ ബന്ധം തുടരണം എന്നു അദ്ദേഹം ആഗ്രഹിച്ചിരുന്നു", പ്രവീണ്‍ റിഷാനയില്‍ നിന്ന് നേരിട്ട പീഡനങ്ങളെക്കുറിച്ച്‌ സംഘടന പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

Related News