ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ രാജ്യത്ത് ഉയര്‍ന്നു വരുന്നു, കർണാടക ഫലത്തിൽ പിണറായി വിജയൻ

  • 13/05/2023

കൊല്ലം: ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ രാജ്യത്ത് ഉയര്‍ന്നു വരുന്ന ജനവിധിയാണ് കര്‍ണാടകയിലെ വിധിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കര്‍ണാടക തെരഞ്ഞെടുപ്പില്‍ മോദി അര ഡസന്‍ റോഡ് ഷോ നടത്തി. ജയിച്ച കോണ്‍ഗ്രസും ചില പാഠങ്ങള്‍ പഠിക്കണം. പ്ലാവില കണ്ടാല്‍ അതിന്റെ പുറകെ പോകുന്ന ആട്ടിന്‍പറ്റങ്ങളെ പോലെ നേരത്തെ കോണ്‍ഗ്രസിനെ കണ്ടിട്ടുണ്ട്.


നഷ്ടപ്പെട്ട ഭരണത്തോട് പൊരുത്തപ്പെടാന്‍ ബിജെപി ശ്രമിക്കില്ല. പരാജയപ്പെട്ടിട്ടും ഭരണത്തിലെത്താന്‍ നേരത്തെയും ബിജെപി ശ്രമിച്ചിട്ടുണ്ട്. അതിന് സഹായകരമായ നിലപാട് അവിടെ തെരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാര്‍ നേരത്തേ സ്വീകരിച്ചിട്ടുണ്ട്. ആ ദുരനുഭവം ആവര്‍ത്തിക്കാതിരിക്കാനുള്ള ജാഗ്രത കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്ന് ഉണ്ടാവണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

രാജ്യത്ത് വീണ്ടും ബിജെപി അധികാരത്തില്‍ വരരുത് എന്ന വികാരം ശക്തമാണ്. ബിജെപിക്കെതിരെ അണിനിരത്താന്‍ ആകുന്നവരെ ഒന്നിച്ച്‌ നിര്‍ത്തുക. കോണ്‍ഗ്രസ് കുറേക്കാലം ഒറ്റയ്ക്ക് രാജ്യം ഭരിച്ചതാണ്. ഇനി അതിനാകില്ലെന്ന് എല്ലാവര്‍ക്കും അറിയാം. ദക്ഷിണേന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് ഇതര രാഷ്ട്രീയ പാര്‍ട്ടികളാണ് അധികാരത്തിലുള്ളത്. ബിജെപിയെ അധികാരത്തില്‍ നിന്ന് മാറ്റിനിര്‍ത്തുക എന്നതാവണം ലക്ഷ്യം. അതിനായിരിക്കണം കോണ്‍ഗ്രസും തയ്യാറാവേണ്ടത്.

രാജ്യമാകെ ബിജെപിയുടെ പതനം ആഗ്രഹിക്കുന്നു. രാജ്യത്തിന്റെ രക്ഷയ്ക്കും ഭാവി സുരക്ഷാമാക്കുന്നതിനും അത് ആവശ്യമാണ്. അത് മുന്നില്‍കണ്ട് ഓരോ സംസ്ഥാനങ്ങളില്‍ നിന്നും ബിജെപി വിരുദ്ധ വോട്ടുകള്‍ ഏകീകരിക്കണം. അതിന് നല്ല ശ്രമങ്ങളാണ് നമ്മുടെ രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്നത്. അത്തരം ശ്രമങ്ങള്‍ക്കെല്ലാം കൂടുതല്‍ ഊര്‍ജ്ജം പകരുന്ന ജനവിധിയാണ് കര്‍ണാടകയിലേത്. ഇത് രാജ്യത്തിന്റെ ഭാവിയെക്കുറിച്ച്‌ ശുഭകരമായ സൂചന നല്‍കുന്ന തെരഞ്ഞെടുപ്പാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Related News