കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട; ശരീരത്തിനുള്ളിൽ ഒളിപ്പിച്ച 1.8 കോടി രൂപയുടെ സ്വര്‍ണം പിടികൂടി

  • 14/05/2023


മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ ശരീരത്തിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി. ഇന്നലെ രാത്രിയും ഇന്ന് രാവിലെയുമായി ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ഏകദേശം 1.8 കോടി രൂപ വില മതിക്കുന്ന സ്വര്‍ണമാണ് പിടിച്ചെടുത്തത്. 

മൂന്നു കിലോയോളം സ്വർണം മൂന്നു വ്യത്യസ്ത കേസുകളിലായാണ് കസ്റ്റംസ്‌ പിടികൂടിയത്.  മലപ്പുറം പുൽപറ്റ സ്വദേശിയായ പൂതനാരി ഫവാസിൽ നിന്നും 1163 ഗ്രാം തൂക്കം വരുന്ന സ്വർണ്ണമിശ്രിതം അടങ്ങിയ നാലു ക്യാപ്സൂളുകളും  നെടിയിരിപ്പ് സ്വദേശിയായ തേട്ടത്തോടി മുഹമ്മദ്‌ ജാസിമിൽ നിന്നും 1057 ഗ്രാം തൂക്കം വരുന്ന സ്വർണ്ണമിശ്രിതമടങ്ങിയ നാലു ക്യാപ്സൂളുകളും പിടിച്ചെടുത്തു.

തൃപ്പനച്ചി സ്വദേശിയായ സലീമിൽ നിന്നും 1121 ഗ്രാം തൂക്കം വരുന്ന സ്വർണ്ണമിശ്രിതമടങ്ങിയ നാലു ക്യാപ്സൂളുകളാണ് കസ്റ്റംസ് പിടികൂടിയത്. കണ്ണൂർ വിമാനത്താവളത്തിലെത്തിയ യാത്രക്കാരനിൽ നിന്നും 73 ലക്ഷം രൂപ വിലയുള്ള സ്വർണവും പിടികൂടിയിട്ടുണ്ട്. മൈക്രോവേവ് ഓവന്റെ മോട്ടറിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം കണ്ടെത്തിയത്.
 

Related News