പൊന്നമ്ബലമേട്ടില്‍ അനധികൃതമായി പൂജ; ഒന്‍പതു പേര്‍ക്കെതിരെ വനം വകുപ്പ് കേസെടുത്തു

  • 16/05/2023

പത്തനംതിട്ട : പൊന്നമ്ബലമേട്ടില്‍ അനധികൃതമായി കയറിയ സംഭവത്തില്‍ ഒന്‍പതു പേര്‍ക്കെതിരെ വനം വകുപ്പ് കേസെടുത്തു. ഇവരില്‍ ഏഴ് പേരെ ഇനിയും പിടികൂടേണ്ടതുണ്ട്. പൂജ നടത്തിയ നാരായണന്‍, ഒരു കുമളി സ്വദേശി, 5 തമിഴ്നാട് സ്വദേശികള്‍ എന്നിവരാണ് ഇനി പിടിയിലാകാനുള്ളത്. ഈ മാസം എട്ടിനാണ് സംഘം പൊന്നമ്ബലമേട്ടില്‍ എത്തിയത്. തമിഴ്നാട്ടില്‍ നിന്നും വള്ളക്കടവ് വരെ ജീപ്പിലും അവിടെ നിന്ന് കെഎസ്‌ആര്‍ടിസി ബസിലും യാത്ര ചെയ്താണ് സംഘമെത്തിയത്.


കെഎഫ്ഡിസി ജീവനക്കാര്‍ക്ക് തമിഴ്നാട്ടില്‍ നിന്നെത്തിയവര്‍ പണം നല്‍കി. പമ്ബ റേഞ്ച് ഓഫീസറുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. സംഭവത്തില്‍ മൂഴിയാര്‍ പൊലീസും കേസ് എടുത്തേക്കും. അറസ്റ്റില്‍ ഉള്ള രണ്ട് പ്രതികളെ ഇന്ന് റാന്നി കോടതിയില്‍ ഹാജരാക്കും. കെഎഫ്ഡിസി ജീവനക്കാരായ രാജേന്ദ്രന്‍ കറുപ്പായി, സാബു എന്നിവരെയാണ് റാന്നി കോടതിയില്‍ ഹാജരാക്കുക.

ഇന്നലെ രാത്രിയിലാണ് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്. പൊന്നമ്ബലട്ടില്‍ പൂജ നടത്തിയ നാരായണനെ ഉടന്‍ കസ്റ്റഡിയില്‍ എടുക്കാന്‍ കഴിയുമെന്നാണ് വനംവകുപ്പിന്റെ പ്രതീക്ഷ. ഇയാളെ കേന്ദ്രീകരിച്ചുള്ള അന്വേഷണം നടക്കുകയാണ്.സംഭവത്തില്‍ കൂടുതല്‍ വനം വകുപ്പ് ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്തേക്കും.

Related News