മതപഠന ശാലയിലെ പെൺകുട്ടിയുടെ ആത്മഹത്യ, കൃത്യമായ പ്രവര്‍ത്തന രേഖകള്‍ ഹാജരാക്കായിട്ടില്ലെന്ന് ബാലാവകാശ കമ്മീഷന്‍

  • 19/05/2023

തിരുവനന്തപുരം: തിരുവനന്തപുരം ബാലരാമപുരത്ത് പെണ്‍കുട്ടിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ മതപഠനശാല കൃത്യമായ പ്രവര്‍ത്തന രേഖകള്‍ ഹാജരാക്കായിട്ടില്ലെന്ന് ബാലാവകാശ കമ്മീഷന്‍. കമ്മീഷന്‍ കഴിഞ്ഞ ദിവസം മതപഠനശാലയില്‍ നേരിട്ടെത്തി തെളിവെടുപ്പ് നടത്തി. പെണ്‍കുട്ടിയുടെ അമ്മയുടെ മൊഴി രേഖപ്പെടുത്തിയ കമ്മീഷന്‍ ഉടന്‍ സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കും.


അസ്മിയയുടെ മരണത്തിന് പിന്നാലെ ബാലരാമപുരത്തെ അല്‍ അമാന്‍ ചാരിറ്റബിള്‍ ട്രസ്റ്റിനെതിരെ ഗുരുതര ആരോപണങ്ങളാണ് ബന്ധുക്കള്‍ ഉന്നയിക്കുന്നത്. സംഭവം വലിയ വിവാദവുമായ സാഹചര്യത്തിലാണ് ബാലാവാകശാ കമ്മീഷന്‍ ചെയര്‍മാന്‍ കെവി മനോജ് കുമാര്‍ തെളിവെടുപ്പിനായെത്തിയത്. മതപഠനശാല പ്രവര്‍ത്തിക്കാനുള്ള അനുമതി രേഖകള്‍ കമ്മീഷന് മുന്നില്‍ ഹാജരാക്കാന്‍ സ്ഥാപനത്തിന് കഴിഞ്ഞിട്ടില്ല. ഇതിന് പിന്നാലെ പെണ്‍കുട്ടിയുടെ മരണത്തില്‍ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു.

സ്ഥാപനം നിയമപരമായാണോ പ്രവര്‍ത്തിക്കുന്നത് എന്നതടക്കമുള്ള കാര്യങ്ങള്‍ രണ്ടാഴ്ചയ്ക്കകം വിശദീകരിക്കാന്‍ നടത്തിപ്പുകാര്‍ക്ക് കമ്മീഷന്‍ നോട്ടീസ് നല്‍കി. സ്ഥാപനത്തിനെതിരെ അസ്മിയയുടെ ഉമ്മയും കമ്മീഷന് മൊഴി നല്‍കിയിട്ടുണ്ട്. സ്ഥാപനത്തില്‍ അസ്മിയ മോശം പെരുമാറ്റം നേരിടേണ്ടി വന്നിട്ടുണ്ടെന്നും മരണത്തില്‍ ദുരൂഹതയുണ്ടെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ബന്ധുക്കള്‍.

ബാലരാമപുരത്തെ മതപഠനശാലയിലെ ദുരൂഹ മരണത്തില്‍ സ്ഥാപന അധികൃതര്‍ക്കെതിരെ ഗുരുതര വെളിപ്പെടുത്തലാണ് അസ്മിയയുടെ ഉമ്മ നടത്തിയത്. സംസാരത്തിന്റെ പേരില്‍ അധ്യാപിക അസ്മീയയെ നിരന്തരം ശകാരിച്ചിരുന്നതായും നന്നാകില്ലെന്ന് പ്രാകിയെന്നും സഹപാഠികളില്‍ നിന്ന് മാറ്റിയിരുത്തിയെന്നും അസ്മീയ പറയാറുണ്ടായിരുന്നെന്ന് ഉമ്മ റഹ്മത്ത് ബീവി പ്രതികരിക്കുന്നു. അസ്മീയ ആത്മഹത്യക്ക് ശ്രമിച്ചത് മറച്ചുവച്ചുവെന്നും ഇവര്‍ ആരോപിക്കുന്നു.

എന്നാല്‍ സ്ഥാപനത്തില്‍ പഠിക്കുന്ന മറ്റ് വിദ്യാര്‍ത്ഥിനികളുടെ മൊഴിയില്‍ ഇത്തരം പരാതികളില്ല. അസ്മിയയുടെ അനുഭവം ഇല്ലെന്നാണ് സഹപാഠികള്‍ അന്വേഷണസംഘത്തെ അറിയിച്ചത്. ഇക്കാര്യം ഉള്‍പ്പെടെ പരിശോധിച്ച്‌ വിശദമായി അന്വേഷിക്കാനാണ് നെയ്യാറ്റിന്‍കര എഎസ്പിയുടെ നേതൃത്വത്തിലുള്ള 13 അംഗ സംഘത്തിന്‍റെ തീരുമാനം. നിലവില്‍ അസ്വാഭാവിക മരണത്തിന് മാത്രമാണ് കേസ്.

Related News