കാട്ടുപോത്തിന്റെ ആക്രമണം: രണ്ടിടത്തായി മരിച്ചത് മൂന്ന് പേർ

  • 19/05/2023

കോട്ടയം: എരുമേലിയിലും കൊല്ലം അഞ്ചലിലുമുണ്ടായ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ മൂന്നുപേര്‍ മരിച്ചു. കോട്ടയം എരുമേലിയില്‍ കണമല പുറത്തേല്‍ ചാക്കോച്ചന്‍ (70), പ്ലാവനാക്കുഴിയില്‍ തോമസ് (60) എന്നിവരാണ് മരിച്ചത്. കൊല്ലം അഞ്ചലില്‍ ഇടമുളയ്ക്കല്‍ സ്വദേശി സാമുവല്‍ വര്‍ഗീസും (65) മരിച്ചു. സാമുവല്‍ കഴിഞ്ഞ ദിവസമാണ് ദുബായില്‍നിന്ന് നാട്ടിലെത്തിയത്.


മരിച്ച ചാക്കോച്ചന്‍ വീടിന്റെ പൂമുഖത്ത് ഇരുന്ന് പത്രം വായിക്കുകയായിരുന്നു. ഇതിനിടെ പാഞ്ഞുവന്ന കാട്ടുപോത്ത് ഇയാളെ അക്രമിക്കുകയായിരുന്നു. സംഭവസ്ഥലത്തുവെച്ചുതന്നെ ഇയാള്‍ മരിച്ചു. തോമസ് റബര്‍ തോട്ടത്തില്‍ ജോലിയിലായിരിക്കേയാണ് ആക്രമണമുണ്ടായത്. ഇയാളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ഇരുവരെയും ആക്രമിച്ച ശേഷം കാട്ടുപോത്ത് കാടിനകത്തേക്ക് ഓടിമറഞ്ഞു.

കൊല്ലത്ത് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ മരിച്ച വര്‍ഗീസ് കഴിഞ്ഞ ദിവസമാണ് ദുബായില്‍നിന്നു നാട്ടിലെത്തിയത്. ഇന്നു രാവിലെ വീടിനോടു ചേര്‍ന്ന റബര്‍ തോട്ടത്തില്‍ നില്‍ക്കുമ്ബോള്‍ വര്‍ഗീസിനെ കാട്ടുപോത്ത് പിന്നില്‍നിന്ന് ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ വര്‍ഗീസിനെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വനമേഖലയല്ലാത്ത ആ പ്രദേശത്ത് കാട്ടുപോത്ത് വന്നത് എങ്ങനെയെന്നു തിട്ടമില്ല. കാട്ടുപോത്തിനെ പിന്നീട് ചത്ത നിലയില്‍ കണ്ടെത്തി.

Related News