സംസ്ഥാനത്ത് കാലവര്‍ഷം വൈകിയാല്‍ രാജ്യത്ത് ഉഷ്ണതരംഗത്തിന് വരെ സാധ്യതയെന്ന് വിദഗ്ധര്‍

  • 20/05/2023

കൊച്ചി: സംസ്ഥാനത്ത് കാലവര്‍ഷം വൈകിയാല്‍ രാജ്യത്ത് ഉഷ്ണതരംഗത്തിന് വരെ സാധ്യതയെന്ന് വിദഗ്ധര്‍. കാലവര്‍ഷത്തിന് മുന്‍പ് കേരളത്തിലെ മലയോര മേഖലകളില്‍ കനത്ത മഴയുണ്ടാകുമെന്നും കുസാറ്റിലെ കാലാവസ്ഥാ വിദഗ്ധര്‍ വ്യക്തമാക്കുന്നു. ഇത്തവണ വൈകി ജൂണ്‍ നാലിനേ കാലവര്‍ഷമെത്തൂ എന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. എല്‍ നിനോ പ്രതിഭാസവും മോഖ ചുഴലിക്കാറ്റുമാണ് കാലവര്‍ഷം വൈകാന്‍ കാരണം.


ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നിന്ന് കേരളത്തിലൂടെയാണ് കാലവര്‍ഷം വടക്കേ ഇന്ത്യയിലേക്ക് പ്രവേശിക്കുന്നത്. ഇതാണ് കാലവര്‍ഷം വൈകിയാല്‍ രാജ്യത്ത് ഉഷ്ണതരംഗമുണ്ടാകാന്‍ കാരണം. 96 ശതമാനം മഴ കിട്ടുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്. എന്നാല്‍ മഴ കുറയുമെന്നാണ് ചില സ്വകാര്യ കാലാവസ്ഥ ഏജന്‍സികളുടെ പ്രവചനം. ശക്തമായ മഴയുണ്ടാകുമെന്ന് മുന്നറിയിപ്പുള്ള പശ്ചാത്തലത്തില്‍ കൃത്യമായ മുന്‍കരുതല്‍ വേണമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

അതേസമയം, കൊടുംചൂടില്‍ വിയര്‍ത്തൊലിക്കുകയാണ് കേരളം. ഇന്നലെ അഞ്ച് ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പായ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. സാധാരണയേക്കാള്‍ രണ്ട് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാമെന്നായിരുന്നു മുന്നറിയിപ്പ്. രണ്ട് ദിവസം കൂടി ഉയര്‍ന്ന താപനിലയും ആര്‍ദ്രതയും കലര്‍ന്ന അസ്വസ്ഥകരമായ കാലാവസ്ഥ തുടര്‍ന്നേക്കുമെന്നും കാലാവസ്ഥ വിഭാഗം അറിയിച്ചിരുന്നു.

Related News