സ്വകാര്യാശുപത്രിയില്‍ പ്രാക്ടീസ് നടത്തി; സർക്കാർ ഡോക്ടർ വിജിലൻസ് പിടിയില്‍

  • 20/05/2023


കോട്ടയം: സ്വകാര്യാശുപത്രിയില്‍ പ്രാക്ടീസ് നടത്തിയ സര്‍ക്കാര്‍ ഡോക്ടറെ വിജിലന്‍സ് സംഘം പിടികൂടി. പാമ്പാടുംപാറ ഹെല്‍ത്ത് സെന്ററിലെ ഡോക്ടര്‍ ഷാഹിന്‍ ഷൗക്കത്തിനെയാണ് വെള്ളിയാഴ്ച രാവിലെ 10.30-ഓടെ കറുകച്ചാല്‍ മേഴ്സി ആശുപത്രിയിലെ ഒ.പി.യില്‍നിന്ന് പിടികൂടിയത്. 

രോഗിയായി വേഷംമാറിയെത്തിയ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ തന്നെയാണ് ഡോക്ടറെ പിടികൂടിയതും. കറുകച്ചാലിന് പുറമേ ഈരാറ്റുപേട്ട, എടത്വാ എന്നിവിടങ്ങളിലെ ആശുപത്രികളിലും ഇയാള്‍ സ്വകാര്യ പ്രാക്ടീസ് നടത്തിയിരുന്നതായി കണ്ടെത്തി.  ബുധനാഴ്ച അവധിയെന്നാണ് കാണിച്ചിരുന്നത്. ബുധനാഴ്ചകളില്‍ മാത്രമാണ് ഇയാള്‍ പാമ്പാടുംപാറ ആശുപത്രിയില്‍ എത്തിയിരുന്നതെന്നും കണ്ടെത്തി. അന്വേഷണ റിപ്പോര്‍ട്ട് വിജിലന്‍സ് ഡയറക്ടര്‍ ആരോഗ്യവകുപ്പ് സെക്രട്ടറിക്ക് കൈമാറും. 

കോട്ടയം വിജിലന്‍സ് എസ്.പി. വി.ജി.വിനോദ് കുമാറിന്റെ നിര്‍ദേശപ്രകാരം ഇടുക്കി വിജിലന്‍സ് ഡിവൈ.എസ്.പി. ഷാജി എന്‍.ജോസ്, കോട്ടയം വിജിലന്‍സ് യൂണിറ്റിലെ പ്രദീപ് എസ്, ചാണ്ടി തോമസ്, സാബു, ബേസില്‍ ഐസക്ക്, സന്ദീപ്, രാജീവ് എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്. 
 

Related News