കണമലയില്‍ രണ്ട് ക‍ര്‍ഷകരെ കുത്തികൊന്ന കാട്ടുപോത്തിനെ വെടിവെച്ച്‌ കൊല്ലണം എന്ന നിലപാടില്‍ ഉറച്ച്‌ നാട്ടുകാര്‍

  • 21/05/2023

പത്തനംതിട്ട: എരുമേലി കണമലയില്‍ രണ്ട് ക‍ര്‍ഷകരെ കുത്തികൊന്ന കാട്ടുപോത്തിനെ വെടിവെച്ച്‌ കൊല്ലണം എന്ന നിലപാടില്‍ ഉറച്ച്‌ നാട്ടുകാര്‍. മരിച്ച ചാക്കോയുടെ സംസ്കാരം നടക്കുന്നതിന് മുമ്ബ് അന്തിമ തീരുമാനം ഉണ്ടായില്ലെങ്കില്‍ വീണ്ടും തെരുവില്‍ പ്രതിഷേധിക്കുമെന്ന് സമരസമിതി പ്രഖ്യാപിച്ചു. അതേസമയം, അക്രമകാരിയായ കാട്ടുപോത്തിനെ കണ്ടെത്താനുള്ള ശ്രമം വനം വകുപ്പ് തുടരുകയാണ്.


കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട തോമസിന്റെ മൃതദേഹം മാത്രമാണ് ഇന്നലെ സംസ്കരിച്ചത്. നാളെയാണ് ചാക്കോയുടെ സംസ്കാരം നിശ്ചയിച്ചിട്ടുള്ളത്. എന്നാല്‍ കാട്ടുപോത്തിനെ വെടിവച്ച്‌ കൊല്ലണമെന്ന നാട്ടുകാരുടെ ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ മൃതദേഹം സംസ്കരിക്കില്ലെന്നാണ് കണമലയിലെ സമര സമിതിയുടെ തീരുമാനം. ആദ്യ ദിവസം പ്രതിഷേധമുണ്ടായതിന് പിന്നാലെ പോത്തിനെ വെടിവെച്ച്‌ കെല്ലുമെന്ന കളക്ടറുടെ ഉത്തരവ് വിശ്വസിച്ച നാട്ടുകാരെ വനം വകുപ്പ് കബളിപ്പിക്കുകയായിരുന്നെന്നാണ് ആരോപണം.

നാട്ടുകാരുടെ വൈകാരിക പ്രതിഷേധത്തിനൊപ്പം നില്‍ക്കാന്‍ നിയമം അനുവദിക്കില്ലെന്നാണ് വനം വകുപ്പിന്റെ വിശദീകരണം. പക്ഷെ അക്രമകാരിയായ കാട്ടുപോത്ത് വീണ്ടും ജനവാസമേഖലയില്‍ ഇറങ്ങിയാല്‍ മയക്കുവെടി വച്ച്‌ പിടികൂടി കാടിനുള്ളിലേക്ക് മാറ്റും. ഈ ദൗത്യത്തിനായി അന്‍പത് അംഗ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സംഘമാണ് കണമലയില്‍ ക്യാമ്ബ് ചെയ്യുന്നത്. മുപ്പത് പേരുടെ സംഘം കഴിഞ്ഞ ദിവസം വനത്തിനുള്ളില്‍ കിലോ മീറ്ററുകളോളം പരിശോധന നടത്തിയിരുന്നു.

Related News