'വേസ്റ്റ് ടു എനര്‍ജി' പദ്ധതിയില്‍ നിന്ന് സോണ്‍ടയെ ഒഴിവാക്കി

  • 21/05/2023




ബ്രഹ്മപുരം തീപിടുത്തത്തിന് പിന്നാലെ കൊച്ചിയിലെ 'വേസ്റ്റ് ടു എനർജി' പദ്ധതിയിൽ നിന്നും സോണ്‍ട ഇൻഫ്രാടെക്കിനെ ഒഴിവാക്കുമ്പോഴും മറ്റ് പദ്ധതികളിൽ കന്പനിക്കെതിരെ നടപടിയില്ല. നിലവിൽ കോഴിക്കോട്ടെ 'വേസ്റ്റ് ടു എനർജി' പദ്ധതിയും കൊച്ചിയിലെ ബയോമൈനിംഗ് കരാറും സോണ്‍ട ഇൻഫ്രാടെക്കിനാണ്. ഒരു പദ്ധതിയിൽ നിന്ന് മാത്രം മാറ്റിനിർത്തി വിവാദങ്ങളിൽനിന്നും മുഖം രക്ഷിക്കാനാണ് സർക്കാരിന്‍റെ ശ്രമം.

ബ്രഹ്മപുരം തീപിടുത്തം നിയമസഭയിൽ ചർച്ചയായതോടെ മാർച്ച് മാസം സർക്കാർ നിയമസഭയിൽ വിവാദ കമ്പനിയെ പിന്തുണച്ചായിരുന്നു പ്രതികരണം. എന്നാൽ തീപിടുത്തം കഴിഞ്ഞ് രണ്ട് മാസം പിന്നിടുമ്പോൾ ബ്രഹ്മപുരത്തെ വേസ്റ്റ് ടു എനർജി പദ്ധതിയിൽ നിന്നും ഇതെ സർക്കാർ തന്നെ ഒഴിവാക്കുന്നു. സംസ്ഥാന സർക്കാർ അംഗീകാരം നൽകിയിട്ടും മാലിന്യത്തിൽ നിന്നും വൈദ്യുതി പദ്ധതിക്ക് കൊച്ചി കോർപ്പറേഷൻ അനുമതി നൽകിയിരുന്നില്ല. പ്രാബല്യത്തിൽ വരാത്ത കരാറെന്ന് വ്യക്തമാക്കിയാണ് സർക്കാർ കൊച്ചിയിൽ സോണ്‍ടയെ ഒഴിവാക്കുന്നത്.

ബ്രഹ്മപുരത്ത് കരാറിൽ വീഴ്ച വരുത്തിയെന്നും കാലതാമസം വരുത്തിയെന്നും ആരോപിക്കുന്ന ഇതെ കമ്പനി കോഴിക്കോട് പദ്ധതിയിലും വീഴ്ച് വരുത്തിയിട്ടുണ്ട്. ഞെളിയൻപറമ്പിൽ ബയോമൈനിംഗ് പൂർത്തിയാക്കാതെ കാലതാമസം വരുത്തുന്നു. പലതവണ കാലാവധി നീട്ടി നൽകിയിട്ടും വ്യവസ്ഥകൾ പാലിക്കപ്പെട്ടില്ല. കോഴിക്കോട് 250കോടിയോളം രൂപയുടെ വേസ്റ്റ് ടു എനർജി കരാറിൽ സോണ്‍ടയെ തൊടാൻ സർക്കാർ തയ്യാറല്ല.

ഒരുദിവസം 300ടണ്‍ മാലിന്യവും ഒപ്പം ഒരു ടണ്‍ മാലിന്യത്തിന് 3500 രൂപ കമ്പനിക്ക് അങ്ങോട്ട് കൊടുക്കാനുമാണ് 2019മെയ് മാസം മന്ത്രിസഭായോഗം തീരുമാനിച്ചത്.മാസം കോടികൾ മറിയുന്ന കോഴിക്കോട് പദ്ധതിയിൽ ഭീമമായ ടിപ്പിംഗ് ഫീസ് നേടിയെടുത്തതിലും ആക്ഷേപമുണ്ട്. 54കോടിയുടെ കൊച്ചി ബയോമൈനിംഗ് കരാറിലും 11കോടിയോളം രൂപ കമ്പനി കൈപ്ഫറ്റിയിട്ടുണ്ട്.ഗുരുതര വീഴ്ചകൾ വരുത്തിയ കൊച്ചിയിലെ ബയോമൈനിംഗിലും കമ്പനിയെ പുറത്താക്കിയിട്ടില്ല.

Related News