കാട്ടാക്കട എസ് എഫ് ഐ ആൾമാറാട്ടം: സി പി എം അന്വേഷണ കമ്മീഷന്‍ രൂപീകരിച്ചു

  • 21/05/2023

തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യന്‍ കോളേജിലെ എസ് എഫ് ഐ ആള്‍മാറാട്ടത്തില്‍ സിപിഎം അന്വേഷണം. തിരുവനന്തപുരം ജില്ലാ സെക്രട്ടേറിയറ്റിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ഡികെ മുരളി, പുഷ്പലത എന്നിവരുടെ അന്വേഷണ കമ്മീഷന്‍ രൂപീകരിച്ചു. ആള്‍മാറാട്ടത്തില്‍ സിപിഎം നേതാക്കള്‍ക്ക് പങ്കുണ്ടോ എന്നതടക്കം പരിശോധിക്കും. തട്ടിപ്പില്‍ പങ്കില്ലെന്നും സംഭവം അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് എംഎല്‍എമാരായ ഐബി സതീഷും ജി സ്റ്റീഫനും സിപിഎമ്മിന് കത്ത് നല്‍കിയിരുന്നു.


കാട്ടാക്കട കോളേജിലെ ആള്‍മാറാട്ടത്തില്‍ പ്രിന്‍സിപ്പല്‍ ജിജെ ഷൈജുവിനെ ഒന്നാം പ്രതിയാക്കിയും എസ്‌എഫ്‌ഐ നേതാവായിരുന്ന എ വിശാഖിനെ രണ്ടാം പ്രതിയാക്കിയും പൊലീസ് കേസെടുത്തിട്ടുണ്ട്. ആള്‍മാറാട്ടം, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങിയ കുറ്റത്തിനാണ് കേരള സര്‍വ്വകലാശാല നല്‍കിയ പരാതിയിലെ കേസ്. സര്‍വ്വകലാശാല രജിസ്ട്രാര്‍ പൊലീസ് മേധാവിക്ക് നല്‍കിയ പരാതി കാട്ടാക്കട പൊലീസിന് കൈമാറിയിരുന്നു.

കാട്ടാക്കട പൊലീസ് എടുത്ത കേസ് ആള്‍മാറാട്ടത്തിനും വ്യാജ രേഖചമക്കലിനും വിശ്വാസ വഞ്ചനക്കുമാണ്. സമാന ആവശ്യം ഉന്നയിച്ച്‌ കെഎസ് യു സംസ്ഥാന പ്രസിഡണ്ട് നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുക്കാതിരുന്നത് ചര്‍ച്ചയായിരുന്നു. സംഭവത്തില്‍ കക്ഷിയില്ലാത്ത ആള്‍ നല്‍കിയ പരാതിയില്‍ കേസെടുത്താല്‍ നിലനില്‍ക്കില്ലെന്നായിരുന്നു പൊലീസ് വിശദീകരണം. എന്നാല്‍ പ്രധാനകക്ഷിയായ സര്‍വ്വകലാശാല പരാതി നല്‍കിയതോടെയോണ് കേസെടുക്കേണ്ടിവന്നത്.

Related News