തീയണയ്ക്കുന്നതിനിടെ മരിച്ച ഫയര്‍മാൻ ജെ എസ് രഞ്ജിത്തിന്റെ കണ്ണുകള്‍ ദാനം ചെയ്യും

  • 23/05/2023

തിരുവനന്തപുരം : തുമ്ബ കിൻഫ്ര പാര്‍ക്കിലെ മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍റെ മരുന്ന് സംഭരണ കേന്ദ്രത്തിലുണ്ടായ തീയണയ്ക്കുന്നതിനിടെ മരിച്ച ഫയര്‍മാൻ ജെ എസ് രഞ്ജിത്തിന്റെ കണ്ണുകള്‍ ദാനം ചെയ്യും. തീയണയ്ക്കുന്നതിനിടെ, കെട്ടിടത്തിന്റെ ഒരു ഭാഗം ശരീരത്തിലേക്ക് വീണാണ് രഞ്ജിത്തിന് അപകടമുണ്ടായത്. താബൂക്ക് കെട്ടിയ ഉയരം കൂടിയ ചുമരിലെ കോണ്‍ക്രീറ്റ് ഭാഗം ഇടിഞ്ഞ് രഞ്ജിത്തിന്റെ ശരീരത്തിലേക്ക് വീഴുകയായിരുന്നു. ഏറെ നേരം പണിപ്പെട്ടാണ് രഞ്ജിത്തിനെ തീയ്ക്കുള്ളില്‍ നിന്നും രക്ഷപ്പെടുത്തിയത്.


ഉടൻ തന്നെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴിഞ്ഞ ആറ് വര്‍ഷത്തിലേറെയായി ഫയര്‍ഫോഴ്സ് ജീവനക്കാരനാണ് ആറ്റിങ്ങല്‍ സ്വദേശിയായ രഞ്ജിത്ത്. തിരുവനന്തപുരം ചെങ്കല്‍ ചൂളയിലെ ഫയര്‍ ഫോഴ്സ് ആസ്ഥാനത്തും ചാക്ക യൂണിറ്റിലും മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും.

തുമ്ബ കിൻഫ്ര പാര്‍ക്കിലെ മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍റെ മരുന്ന് സംഭരണ കേന്ദ്രത്തിലാണ് ഇന്ന് പുലര്‍ച്ചെ തീപിടിത്തമുണ്ടായത്. കെമിക്കലുകള്‍ സൂക്ഷിച്ചിരുന്ന കെട്ടിടം പൂര്‍ണമായും കത്തി നശിച്ചു. പുലര്‍ച്ചെ 1.30 ഓടെ വലിയ ശബ്ദത്തോടെ ഗോഡൗണ്‍ പൊട്ടിത്തെറിക്കുകയായിരുന്നു. സെക്യൂരിറ്റി മാത്രമാണ് തീപിടിച്ച സമയത്ത് സ്ഥലത്തുണ്ടായിരുന്നുള്ളൂ. കെമിക്കലുകള്‍ സൂക്ഷിച്ചിരുന്ന കെട്ടിടം പൂര്‍ണ്ണമായും കത്തി നശിച്ചു.

Related News