മൂത്ത മകനെ ജീവനോടെ കെട്ടിത്തൂക്കി, മൂന്ന് മക്കളെയും കൊലപ്പെടുത്തിയ ശേഷം അമ്മയും സുഹൃത്തും ആത്മഹത്യ ചെയ്തു; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

  • 25/05/2023

കണ്ണൂർ : കണ്ണൂര്‍ ചെറുപുഴയില്‍ കൂട്ടമരണത്തിന്‍റെ ഞെട്ടലിലാണ് നാട്ടുകാര്‍. മൂന്ന് മക്കളെയും കൊലപ്പെടുത്തി അമ്മയും സുഹൃത്തും ആത്മഹത്യ ചെയ്ത സംഭവത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. പാടിയോട്ട് ചാലില്‍ ശ്രീജ, മക്കളായ സൂരജ്, സുജിന്‍, സുരഭി, ശ്രീജയുടെ സുഹൃത്ത് ഷാജി എന്നിവരെയാണ് ഇന്നലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അഞ്ച് പേരുടെയും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമായത്. 

ചെറുപുഴ പാടിയോട്ടുചാലിൽ ഇന്നലെ പുലർച്ചെ ആറ് മണിയോടെയാണ് പാടിയോട്ട്ചാൽ വാച്ചാലിൽ അഞ്ചു പേരെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൂന്ന് മക്കളെയും കൊലപ്പെടുത്തിയതിന് ശേഷമാണ് ഇരുവരും ആത്മഹത്യ ചെയ്തത്. മക്കൾക്ക് ഭക്ഷണത്തിൽ ഉറക്കുഗുളിക  കലർത്തി നൽകി. മൂത്ത മകൻ സൂരജിനെ  ജീവനോടെയാണ് കെട്ടി തൂക്കിയതെന്നാണ് പോസ്റ്റ്‌ മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. ഇളയ മക്കളെ കൊലപ്പെടുത്തിയ ശേഷം കെട്ടി തൂക്കി. മൂന്ന് മക്കളുടെയും മരണം ഉറപ്പാക്കിയ ശേഷം ശ്രീജയും ഷാജിയും തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് പോസ്റ്റ്‌ മോർട്ടം റിപ്പോർട്ടില്‍ വ്യക്തമാകുന്നത്.

കുട്ടികളെ സ്റ്റെയർകേസിന്റെ കമ്പിയിൽ തൂങ്ങിയ നിലയിലും ശ്രീജയെയും ഷാജിയെയും കിടപ്പുമുറിയിലുമാണ് കണ്ടെത്തിയത്. ആദ്യ ഭര്‍ത്താവ് സുനില്‍ നല്‍കിയ പരാതി സംബന്ധിച്ച കാര്യങ്ങള്‍ സംസാരിക്കാനായി ശ്രീജയെ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചതിനു പിന്നാലെയായിരുന്നു കൂട്ടമരണം. 

രണ്ടാഴ്ച മുൻപാണ് ആദ്യ ഭർത്താവ് സുനിലിനെ ഉപേക്ഷിച്ച് ശ്രീജ ഷാജിക്കൊപ്പം താമസം തുടങ്ങിയത്. ഇതു സംബന്ധിച്ച് സുനിലും ശ്രീജയും തമ്മിൽ തർക്കം ഉണ്ടായിരുന്നു. സുനിലിന്റെ പേരിലുള്ള വീട്ടിലായിരുന്നു ശ്രീജയും സുഹൃത്തും കുട്ടികളും താമസിച്ചത്. ഈ വീട്ടിൽ നിന്ന് ഇറങ്ങാൻ സുനിൽ ആവശ്യപ്പെട്ടതാണ് തർക്കത്തിന്‍റെ കാരണം. പ്രശ്നം പരിഹരിക്കാൻ രാവിലെ സ്റ്റേഷനിൽ എത്താൻ മൂവർക്കും പോലീസ് നിർദ്ദേശം നൽകിയിരുന്നു. 

രാവിലെ ശ്രീജ ചെറുപുഴ സ്റ്റേഷനിൽ വിളിച്ച്  ജീവനൊടുക്കുകയാണെന്ന് അറിയിച്ചു. പോലീസ് ഉടൻ സ്ഥലത്ത് എത്തിയെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹങ്ങൾ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ഇന്നലെ വൈകിട്ടോടെ ബന്ധുക്കള്‍ ഏറ്റുവാങ്ങി സംസ്കരിച്ചു. 

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. ഇത്തരം ചിന്തകൾ മനസിലേക്ക് വരുമ്പോൾ തനിച്ചിരിക്കുന്നത് ഒഴിവാക്കുകയും സുഹൃത്തുക്കളെയോ ബന്ധുക്കളെയോ വിളിച്ച് സംസാരിക്കുകയും ചെയ്യുക. ആവശ്യമെങ്കില്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.)


Related News