ബാലാസോറില്‍ നേരിട്ടെത്തി സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി

  • 03/06/2023

ന്യൂഡല്‍ഹി: ട്രെയിന്‍ അപകടം നടന്ന ഒഡീഷയിലെ ബാലാസോറില്‍ നേരിട്ടെത്തി സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. ആദ്യം അപകട സ്ഥലം സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി, രക്ഷാപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും. പിന്നീട് ആശുപത്രിയിലെത്തി ചികിത്സയില്‍ കഴിയുന്നവരെ കാണും. അപകടത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. സംഭവ സ്ഥലത്തുള്ള റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവും ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കും പ്രധാനമന്ത്രിയുമായി ആശയവിനിമയം നടത്തും.


ഷാലിമാറില്‍നിന്നു ചെന്നൈയിലേക്കു വരികയായിരുന്ന കോമറന്‍ഡല്‍ എക്‌സപ്രസും ബംഗളൂരു-ഹൗറ എക്‌സ്പ്രസും നിര്‍ത്തിയിട്ടിരുന്ന ഗുഡ്‌സ് ട്രെയിനുമാണ് അപകടത്തില്‍പ്പെട്ടത്. 238പേര്‍ അപകടത്തില്‍ മരിച്ചു. 900 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവും ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കും അപകട സ്ഥലത്ത് എത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെയും കേന്ദ്രമന്ത്രിയുടെയും നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.

തമിഴ്‌നാട് മന്ത്രിമാരായ ഉദയനിധി സ്റ്റാലിന്‍, ശിവ ശങ്കര്‍, അന്‍ബില്‍ മഹേഷ് എന്നിവര്‍ അപകട സ്ഥലത്തേക്ക് പുറപ്പെട്ടു.
പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും അപകട സ്ഥലത്തെത്തും. ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കുമായി മമത ആശയവിനിമയം നടത്തി.

Related News