ഒഡിഷ ട്രെയിൻ ദുരന്തം; സിബിഐ അന്വേഷിക്കുമെന്ന് റെയിൽവേ മന്ത്രി

  • 04/06/2023

ദില്ലി: ഒഡിഷ ട്രെയിൻ അപകടം സിബിഐ അന്വേഷിക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ട്രെയിൻ അപകടത്തിന് പിന്നാലെ പ്രതിപക്ഷം വിമർശനം ശക്തമാക്കിയതിന് പിന്നാലെയാണ് സിബിഐ അന്വേഷണം. സിബിഐ അന്വേഷണത്തിന് റെയിൽവേ ബോർഡ് ശുപാർശ ചെയ്തുവെന്ന് മന്ത്രി അറിയിച്ചു. രക്ഷാപ്രവർത്തനം പൂർത്തിയായി എന്ന് അറിയിച്ച അശ്വിനി വൈഷ്ണവ്, .റെയിൽവേ ഗതാഗതം പുനഃസ്ഥാപിക്കാനുള്ള പ്രവർത്തികൾ തുടരുകയാണെന്നും അറിയിച്ചു. ട്രാക്കുമായി ബന്ധപ്പെട്ട പ്രവർത്തികൾ പൂർത്തിയായിയെന്നും വയറിങ് ജോലികളാണ് ഇപ്പോൾ നടക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

അപകടത്തിൽ 275 പേർ മരിച്ചെന്നാണ് ഒഡീഷ സർക്കാർ സ്ഥിരീകരിച്ചത്. മരിച്ചവരിൽ 88 മൃതദേഹങ്ങൾ ഇനിയും തിരിച്ചറിയാനായിട്ടില്ല. ഇവരെ തിരിച്ചറിയുന്നതിനായി ചിത്രങ്ങൾ ഒഡിഷ സർക്കാർ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. ആവശ്യമെങ്കിൽ ഡിഎൻഎ പരിശോധനയും നടത്താനാണ് തീരുമാനം. ഒഡിഷയിൽ ട്രെയിൻ അപകടത്തിൽ പരിക്കേറ്റ ആയിരത്തിലേറെപ്പേരിൽ 50 പേരുടെ നില ഇപ്പോഴും ഗുരുതരമാണ്. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരുടെ വിവരങ്ങളും ഒഡിഷ സർക്കാർ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Related News