നിയമം നിയമത്തിന്റെ വഴിക്ക് മുന്നോട്ട് പോകും; ഗുസ്തി താരങ്ങളോട് ആഭ്യന്തര മന്ത്രി

  • 05/06/2023

ന്യൂഡല്‍ഹി: ലൈംഗികാരോപണം നേരിടുന്ന ബിജെപി എംപിയും റസ്‌ലിംഗ് ഫെഡറേഷൻ ഒഫ് ഇന്ത്യ മുൻ പ്രസിഡന്റുമായ ബ്രിജ് ഭൂഷണിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സമരം ചെയ്യുന്ന ഗുസ്തി താരങ്ങള്‍ ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. കഴിഞ്ഞ ദിവസം രാത്രി 11 മണിക്ക് അമിത് ഷായുടെ ഡല്‍ഹിയിലെ വസതിയില്‍ നടന്ന കൂടിക്കാഴ്ച രണ്ട് മണിക്കൂറോളം നീണ്ടുവെന്നാണ് വിവരം. ബജ്‌റംഗ് പുനിയ, വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്, സംഗീത ഫോഗട്ട് എന്നിവരാണ് അമിത് ഷായെ സന്ദര്‍ശിച്ചത്.


ബ്രിജ് ഭൂഷണിനെതിരെ ശക്തമായ നടപടി വേണമെന്ന് താരങ്ങള്‍ അമിത് ഷായോട് ആവശ്യപ്പെട്ടു. നിയമം നിയമത്തിന്റെ വഴിക്ക് മുന്നോട്ട് പോകുമെന്ന് അമിത് ഷാ പറഞ്ഞതായാണ് വിവരം. ബ്രിജ് ഭൂഷണിനെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് ഗുസ്തി താരങ്ങള്‍ നല്‍കിയ അന്ത്യശാസനം ഇന്നലെ അവസാനിച്ചതോടെയാണ് ഇവര്‍ അമിത് ഷായെ കാണാൻ തീരുമാനിച്ചത്.

ബ്രിജ് ഭൂഷണിനെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച്‌ ഗുസ്തി താരങ്ങള്‍ തങ്ങള്‍ക്ക് ലഭിച്ച രാജ്യാന്തര മെഡലുകള്‍ ഗംഗാ നദിയില്‍ ഒഴുക്കാൻ ഹരിദ്വാറില്‍ എത്തിയിരുന്നു. ഗുസ്തി താരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചെത്തിയ കര്‍ഷക നേതാക്കളാണ് ഇവരെ തീരുമാനത്തില്‍ നിന്ന് പിന്തിരിപ്പിച്ചത്. ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗിനെതിരെ ഈ മാസം ഒമ്ബതിനകം നടപടി സ്വീകരിക്കണമെന്ന് നേതാക്കള്‍ കേന്ദ്ര സര്‍ക്കാരിന് അന്ത്യശാസനം നല്‍കി.

Related News