ട്രെയിന്‍ ദുരന്തം: ബാലസോറില്‍ അപകടത്തില്‍ തകര്‍ന്ന ട്രാക്കിലൂടെയുള്ള ഗതാഗതം പുനഃസ്ഥാപിച്ചു

  • 05/06/2023

ഭുവനേശ്വര്‍: ട്രെയിന്‍ ദുരന്തം ഉണ്ടായ ഒഡീഷയിലെ ബാലസോറില്‍ അപകടത്തില്‍ തകര്‍ന്ന ട്രാക്കിലൂടെയുള്ള ഗതാഗതം പുനഃസ്ഥാപിച്ചു. ഇന്നലെ രാത്രി കല്‍ക്കരിയുമായി ഗുഡ്‌സ് ട്രെയിന്‍ കടത്തിവിട്ടാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന്റെയും ഉന്നത റെയില്‍വേ ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലാണ് ട്രെയിന്‍ കടന്നുപോയത്.


51 മണിക്കൂര്‍ നീണ്ട പ്രയത്നത്തിനൊടുവിലാണ് ട്രാക്കുകള്‍ പുനഃസ്ഥാപിച്ചത്. രാവിലെ ട്രാക്കിലൂടെ പാസഞ്ചര്‍ ട്രെയിനും കടത്തിവിട്ടിരുന്നു. ട്രെയിന്‍ അപകടം ട്രാക്കുകള്‍ അറ്റകുറ്റപ്പണികള്‍ക്കു ശേഷം പൂര്‍വസ്ഥിതിയിലായതായും ട്രെയിനുകള്‍ സര്‍വീസ് പുനരാരംഭിക്കുമെന്നും റെയില്‍വെ മന്ത്രി അറിയിച്ചു.

ട്രാക്ക് അറ്റകുറ്റപ്പണികള്‍ വിലയിരുത്തിക്കൊണ്ട് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് രാത്രിയും സ്ഥലത്തുണ്ടായിരുന്നു. ഉത്തരവാദിത്തം അവസാനിച്ചിട്ടില്ലെന്നും, കാണാതായവരെ കണ്ടെത്തി കുടുംബാംഗങ്ങള്‍ക്ക് കൈമാറുകയാണ് പ്രധാന ലക്ഷ്യമെന്നും കേന്ദ്ര റെയില്‍വേ മന്ത്രി പറഞ്ഞു.

അതേസമയം ദുരന്തത്തില്‍ റെയില്‍വേ സുരക്ഷാ കമ്മിഷണര്‍ ഇന്ന് തെളിവെടുപ്പ് നടത്തും. യാത്രക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും തദ്ദേശ സ്ഥാപന പ്രതിനിധികള്‍ക്കും മൊഴി നല്‍കാന്‍ അവസരമുണ്ട്. തീവണ്ടി ദുരന്തത്തിന്റെ അന്വേഷണം സിബിഐ ഏറ്റെടുത്തേക്കും.

Related News