'മിഷൻ മലാമൽ': ഡല്‍ഹിയില്‍ അമ്മയും മകളും കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍

  • 05/06/2023

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ അമ്മയും മകളും കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. 64 വയസുള്ള രാജ്‌റാണി, മകള്‍ ജിന്നി എന്നിവരാണ് മരിച്ചത്. പെട്ടെന്ന് പണക്കാരാകാന്‍ ബന്ധുക്കളായ രണ്ടു യുവാക്കളാണ് ക്രൂരകൃത്യം നടത്തിയതെന്ന് പൊലീസ് പറയുന്നു. കിഷന്‍ (28), അങ്കിത് കുമാര്‍ സിങ് (25) എന്നിവരാണ് അറസ്റ്റിലായത്. മിഷന്‍ മലമാല്‍ എന്ന പേരിലാണ് ഇവര്‍ കൊലപാതകം ആസൂത്രണം ചെയ്തതെന്നും ഡല്‍ഹി പൊലീസ് പറയുന്നു.


ദിവസങ്ങള്‍ക്ക് മുന്‍പാണ് അമ്മയെയും മകളെയും വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ജീര്‍ണിച്ച നിലയിലായിരുന്നു മൃതദേഹം. കൊലപാതകം നടന്ന് മൂന്ന് ദിവസത്തിനകം പ്രതികളെ പിടികൂടാന്‍ സാധിച്ചതായി ഡല്‍ഹി പൊലീസ് അറിയിച്ചു.

ഡല്‍ഹിയില്‍ മാര്‍ക്കറ്റിങ് മാനേജര്‍ ആയി ജോലി ചെയ്യുന്ന കിഷന്‍ ഹോം ട്യൂട്ടര്‍ കൂടിയാണ്. ഭിന്നശേഷിക്കാരിയായ മകളെ പഠിപ്പിക്കുന്നതിന് രാജ്‌റാണി കിഷനെ സമീപിച്ചതോടെയാണ് ഇവര്‍ തമ്മില്‍ പരിചയമായതെന്നും പൊലീസ് പറയുന്നു. തുടര്‍ന്ന് അമ്മയുടെയും മകളുടെയും വിശ്വാസം നേടിയെടുത്തതോടെ എപ്പോള്‍ വേണമെങ്കിലും വീട്ടില്‍ വരാന്‍ കഴിയുന്ന തരത്തിലേക്ക് സൗഹൃദം വളര്‍ന്നു. ബാങ്കില്‍ അമ്മയുടെ മകളുടെയും പേരില്‍ 50 ലക്ഷം രൂപയുടെ നിക്ഷേപം ഉണ്ടെന്ന് കിഷന്‍ മനസിലാക്കിയതോടെ, ഇരുവരെയും കൊലപ്പെടുത്തി പണം തട്ടിയെടുക്കാന്‍ പദ്ധതി ആസൂത്രണം ചെയ്യുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.

മിഷന്‍ മലമല്‍ എന്ന പേരിലാണ് കിഷന്‍ പദ്ധതി ആസൂത്രണം ചെയ്തത്. ഇത് നടപ്പാക്കാന്‍ ബന്ധുവായ അങ്കിത്തിനെയും കൂടെക്കൂട്ടി. വെബ് സീരിസ് കണ്ടാണ് ഇവര്‍ കൊലപാതകം ആസൂത്രണം ചെയ്തത്. ലക്ഷ്മി നഗറില്‍ നിന്ന് വാങ്ങിയ കത്തി ഉപയോഗിച്ചായിരുന്നു കൊലപാതകം. അമ്മയെയും മകളെയും അങ്കിത്തിനെ പരിചയപ്പെടുത്തിയ ശേഷം ഇരുവരും വീട്ടിനുള്ളിലേക്ക് കയറി. തുടര്‍ന്ന് ഇരുവരുടെയും കഴുത്തുമുറിച്ച്‌ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

തുടര്‍ന്ന് വിലപ്പിടിപ്പുള്ള സാധനങ്ങളുമായി ഇരുവരും കടന്നുകളഞ്ഞു. ആദ്യം ലക്‌നൗവിലേക്ക് കടന്ന ഇരുവരും പിന്നീട് ഡല്‍ഹിയിലേക്ക് തിരിച്ചെത്തി. ഫോണ്‍ വിളികളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികളിലേക്ക് എത്തിയതെന്നും പൊലീസ് പറയുന്നു. തുടക്കത്തില്‍ രാജ്‌റാണിയുടെയും മകളുടെയും അക്കൗണ്ടിലുള്ള പണം തട്ടിയെടുക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടര്‍ന്നാണ് ഇരുവരെയും കൊലപ്പെടുത്തി വിലപ്പിടിപ്പുള്ള സാധനങ്ങളുമായി മുങ്ങാന്‍ പ്രതികള്‍ പദ്ധതിയിട്ടതെന്നും പൊലീസ് പറയുന്നു.

Related News