ഇന്ത്യയിൽ നികുതി കുറച്ചുകാണിച്ചെന്ന് സമ്മതിച്ച് ബിബിസി; 40 കോടിയോളം രൂപ കുറച്ചുകാട്ടി

  • 06/06/2023

ഇന്ത്യയിൽ നികുതി കുറച്ചാണ് അടച്ചതെന്ന് സമ്മതിച്ച് ബിബിസി. ആദായനികുതി വകുപ്പിന് അയച്ച ഇ-മെയിലിലാണ് ബിബിസി ഇക്കാര്യം സമ്മതിച്ചത്. ക്രമപ്രകാരം അടയ്ക്കേണ്ട എല്ലാ നികുതിയും ഇനിമുതൽ കൃത്യമായി അടയ്ക്കാം എന്ന് ബിബിസി വിശദീകരിച്ചിട്ടുണ്ട്. 40 കോടിയോളം രൂപയാണ് ബിബിസി കുറച്ച് കാട്ടിയത്. വീഴ്ച ഇനി ആവർത്തിക്കില്ലെന്നും ബിബിസി അറിയിച്ചു. 

ബിബിസി നൽകിയ ഈ മറുപടിയെക്കുറിച്ച് ബിബിസി ലണ്ടൻ ഓഫിസ് ഇതുവരെ ഔദ്യോഗികമായി പ്രതികരണം അറിയിച്ചിട്ടില്ല. കുറച്ച് മാസങ്ങൾക്ക് മുൻപാണ് ആദായ നികുതി വകുപ്പ് ബിബിസിയുടെ മുംബൈയിലേയും ഡൽഹിയിലേയും ഓഫിസുകളിൽ സർവെ നടത്തിയത്. ബിബിസി ഓഫിസുകളിലെ ചെക്ക്ബുക്കുകളും മറ്റ് ഡോക്യുമെന്റുകളുമാണ് ടാക്സ് അതോരിറ്റികൾ പരിശോധിച്ചത്. ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ഒരു ഡോക്യുമെന്ററി പുറത്തിറക്കിതിന് തൊട്ടുപിന്നാലെയാണ് പരിശോധനകൾ നടന്നത്. ഇത് വ്യാപക വിമർശനങ്ങൾക്കും വഴിവച്ചിരുന്നു.

നികുതി കുറച്ച് അടച്ചതിൽ എന്ത് തുടർനടപടിയാണ് സ്വീകരിക്കുന്നതെന്ന് ആദായ നികുതി വകുപ്പ് വ്യക്തമാക്കിയിട്ടില്ല. നികുതി കുറച്ച് കാണിച്ചെന്ന് ഇ മെയിലിൽ ബിബിസി സമ്മതിച്ചിട്ടുണ്ടെങ്കിലും അതിന് അത്രത്തോളം നിയമസാധുതയില്ലെന്നാണ് ആദായ നികുതി വകുപ്പ് ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. കുറച്ച് കാണിച്ച തുക ഈടാക്കുന്നതിന് ഉൾപ്പെടെ ഇനിയും നടപടിക്രമങ്ങൾ ബാക്കിയുണ്ടെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

Related News