രാജ്യത്ത് വൻ മയക്കുമരുന്ന് വേട്ട; 15,000 ബ്ലോട്ട് എല്‍.എസ്.ഡി പിടിച്ചെടുത്തു

  • 06/06/2023

ന്യൂഡല്‍ഹി: രാജ്യത്ത് വൻ മയക്കുമരുന്ന് വേട്ട. നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയുടെ (എൻ.സി.ബി) നേതൃത്വത്തില്‍ 15,000 ബ്ലോട്ട് എല്‍.എസ്.ഡി പിടിച്ചെടുത്തു. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ഇതിന് ഏകദേശം 10.50 കോടിയോളം രൂപ വിലമതിക്കും. സംഭവവുമായി ബന്ധപ്പെട്ട് ആറുപേര്‍ അറസ്റ്റിലായി. രാജ്യത്തുടനീളം പടര്‍ന്ന മയക്കുമരുന്ന് ശൃംഖലയുടെ ഭാഗമാണിവരെന്ന് എൻ.സിബി പറഞ്ഞു.


വിവിധ നഗരങ്ങളില്‍നിന്നാണ് ആറു പ്രതികളേയും എൻസിബി അറസ്റ്റ് ചെയ്തത്. സംഘത്തിലെ മുഖ്യ സൂത്രധാരൻ ജയ്പൂരില്‍നിന്നാണ് പിടിയിലായത്. അറസ്റ്റിലായവരില്‍ അഞ്ചുപേര്‍ പുരുഷൻമാരും ഒരാള്‍ സ്ത്രീയുമാണ്. ഇവരില്‍ ചിലര്‍ പ്രായപൂര്‍ത്തിയാകാത്തവരാണെന്നാണ് വിവരം. സംശയകരമായ ചില സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍ പരിശോധിച്ചപ്പോള്‍ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മയക്കുമരുന്ന് സംഘത്തെ എൻസിബി വലയിലാക്കിയത്. രണ്ടരക്കിലോ കഞ്ചാവും അഞ്ചുലക്ഷം രൂപയും ഇവരില്‍ നിന്ന് എൻ.സിബി പിടികൂടിയിട്ടുണ്ട്.

പോളണ്ട്, യുഎസ് എന്നീ രാജ്യങ്ങളിലും ഇന്ത്യയിലെ കേരളം, തമിഴ്നാട്, രാജസ്ഥാൻ, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും പടര്‍ന്നുകിടക്കുന്ന ശൃംഖലയാണിതെന്നും എൻസിബി പറഞ്ഞു. നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ നേതൃത്വത്തില്‍ രാജ്യത്ത് നടന്ന ഏറ്റവും വലിയ എല്‍എസ്ഡി വേട്ടയാണിതെന്ന് എൻസിബി ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഗ്യാനേശ്വര്‍ സിങ് മാധ്യമങ്ങളോട് പറഞ്ഞു.

Related News