ട്രെയിൻ അപകടത്തില്‍ ഭര്‍ത്താവ് മരണപ്പെട്ടതായി വ്യാജരേഖ ചമച്ച് പണം തട്ടാൻ ശ്രമം; യുവതി പിടിയിൽ

  • 07/06/2023

ഭുവനേശ്വര്‍: ഒഡിഷയിലെ ബാലസോറിലുണ്ടായ ട്രെയിൻ അപകടത്തില്‍ ഭര്‍ത്താവ് മരണപ്പെട്ടതായി കാണിച്ച്‌ വ്യാജമായി നഷ്ടപരിഹാര തുക സ്വന്തമാക്കാൻ ശ്രമിച്ച സ്ത്രീ കുടുങ്ങി. കട്ടക്ക് ജില്ലയിലെ മണിബണ്ട സ്വദേശിനിയായ ഗീതാഞ്ജലി ദത്തയാണ് ജൂണ്‍ രണ്ടിനുണ്ടായ അപകടത്തില്‍ തന്‍റെ ഭര്‍ത്താവായ ബിജയ് ദത്ത മരിച്ചതായി കാണിച്ച്‌ നഷ്ടപരിഹാര തുക നേടിയെടുക്കാൻ ശ്രമിച്ചത്. ഒരു മൃതദേഹം തന്റെ ഭര്‍ത്താവിന്‍റേതാണെന്ന് ഇവര്‍ തിരിച്ചറിയുകയും ചെയ്തിരുന്നു.


എന്നാല്‍, രേഖകള്‍ പരിശോധിച്ചപ്പോള്‍ ഇവരുടെ അവകാശവാദം തെറ്റാണെന്ന് അധികൃതര്‍ കണ്ടെത്തുകയായിരുന്നു. എന്നാല്‍, ഗുരുതര തട്ടിപ്പ് നടത്താൻ ശ്രമിച്ച ഗീതാഞ്ജലിയെ താക്കീത് നല്‍കി പൊലീസ് വിട്ടയച്ചു. പക്ഷേ, ഇവരുടെ ഭര്‍ത്താവായ ബിജയ് ദത്ത മണിബണ്ട പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. ഇതോടെ അറസ്റ്റ് ഭയന്ന് യുവതി ഇപ്പോള്‍ ഒളിവില്‍ പോയിരിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ 13 വര്‍ഷമായി ബിജയ് ദത്തയും ഗീതാഞ്ജലിയും പിരിഞ്ഞ് ജീവിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

പൊതുപണം തട്ടിയെടുക്കാനും തന്റെ മരണം വ്യാജമായി ചമയ്ക്കാനും ശ്രമിച്ചതിന് ഗീതാഞ്ജലിക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ബിജയ് ആവശ്യപ്പെട്ടിട്ടുണ്ട്. ബാലസോര്‍ ജില്ലയിലെ ബഹനാഗ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കാൻ ഗീതാഞ്ജലിയുടെ ഭര്‍ത്താവിനോട് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മണിബണ്ട പൊലീസ് സ്റ്റേഷൻ ഇൻചാര്‍ജ് ബസന്ത് കുമാര്‍ സത്പതി പറഞ്ഞു. അതേസമയം, മൃതദേഹത്തിന്മേല്‍ വ്യാജ അവകാശവാദം ഉന്നയിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാൻ ചീഫ് സെക്രട്ടറി പി കെ ജെന റെയില്‍വേയോടും ഒഡീഷ പൊലീസിനോടും ആവശ്യപ്പെട്ടിട്ടുണ്ട്.

രാജ്യത്തെ നടുക്കിയ ബാലസോര്‍ ട്രെയിൻ അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് ഒഡീഷ സര്‍ക്കാര്‍ അറിയിച്ചിരുന്നു. കൂടാതെ, കേന്ദ്ര സര്‍ക്കാര്‍ രണ്ട് ലക്ഷവും റെയില്‍വേ മന്ത്രാലയം 10 ലക്ഷവും നഷ്ടപരിഹാരം നല്‍കുമെന്നാണ് പ്രഖ്യാപിച്ചിരുന്നു. അപകടത്തില്‍ 288 പേര്‍ മരണപ്പെട്ടതായാണ് കണക്കുകള്‍. 1,200ലധികം പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റിരുന്നു.

Related News