ഗുസ്തി താരങ്ങള്‍ സമരം താല്‍കാലികമായി നിര്‍ത്തി

  • 07/06/2023

ദില്ലി: ബ്രിജ് ഭൂഷണിനെതിരായ ലൈംഗിക പീഡന പരാതികളില്‍ അന്വേഷണം. ഈ മാസം 15 നകം കുറ്റപത്രം സമര്‍പ്പിക്കുമെന്ന് ഗുസ്തി താരങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ഉറപ്പ് നല്‍കി. ഈ സാഹചര്യത്തില്‍ താരങ്ങള്‍ സമരം താല്‍കാലികമായി നിര്‍ത്തി. താരങ്ങള്‍ക്കെതിരായ കേസുകളും പിൻവലിക്കും. കായിക മന്ത്രി അനുരാഗ് താക്കൂറും താരങ്ങളും തമ്മിലുള്ള ചര്‍ച്ചയിലാണ് തീരുമാനം.


ഗുസ്തി താരങ്ങളുടെ സമരത്തില്‍ സജീവമായിരുന്ന സാക്ഷി മാലിക് കഴിഞ്ഞ ദിവസം തിരികെ ജോലിയില്‍ പ്രവേശിച്ചിരുന്നു. ആഭ്യന്തര വകുപ്പ് മന്ത്രി അമിത്ഷായുമായുള്ള ചര്‍ച്ചക്ക് പിന്നാലെയായിരുന്നു തീരുമാനം. ഇതിന് പിന്നാലെ ഗുസ്തി താരങ്ങള്‍ സമരത്തില്‍ നിന്നും പിൻമാറിയെന്ന രീതിയില്‍ വാര്‍ത്ത പ്രചരിച്ചു. എന്നാല്‍ നോര്‍ത്തേണ്‍ റെയില്‍വേയില്‍ ഗസറ്റഡ് റാങ്കിലുള്ള ഉദ്യോഗസ്ഥയായ സാക്ഷി, സമരത്തില്‍ നിന്നും പിന്മാറിയെന്ന വാര്‍ത്ത തെറ്റെന്ന് ട്വിറ്ററിലും കുറിച്ചു. ആവശ്യമെങ്കില്‍ ജോലി രാജിവെക്കാനും മടിയില്ലെന്നായിരുന്നു സാക്ഷിയുടെ പ്രതികരണം. നീതിക്ക് വേണ്ടി പോരാട്ടം തുടരും. ജോലിക്കൊപ്പം പോരാട്ടം തുടരും. തെറ്റായ വാര്‍ത്ത പ്രചരിപ്പിക്കരുതെന്നും സാക്ഷി ആവശ്യപ്പെട്ടു. ഇതിന് പിന്നാലെയാണ് കായികമന്ത്രിയുടെ ഇടപെടലും ച‍‍‍ര്‍ച്ചയും നടന്നത്.

ഈ വര്‍ഷം ജനുവരി 18 നാണ് ഗുസ്‌തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷനെതിരെ ലൈംഗിക ആരോപണവുമായി താരങ്ങള്‍ രംഗത്തെത്തിയത്. ഫെഡറേഷൻ പിരിച്ചുവിടണമെന്നും ബ്രിജ് ഭൂഷനെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റണമെന്നുമുള്ള ആവശ്യങ്ങളായിരുന്നു താരങ്ങള്‍ ഉയര്‍ത്തിയത്.

മൂന്ന് ദിവസം നീണ്ടുനിന്ന സമരത്തിനൊടുവില്‍ താരങ്ങളുടെ പരാതി അന്വേഷിക്കാൻ കായിക മന്ത്രാലയം പ്രത്യേക സമിതിയെ നിയോഗിച്ചിരുന്നു. മേരി കോം അധ്യക്ഷയായ ആറംഗ സമിതിയാണ് ഇവരുടെ പരാതികള്‍ അന്വേഷിക്കുന്നത്. വിഷയത്തില്‍ പൊലീസില്‍ പരാതി നല്‍കിയിട്ടും തുടര്‍ നടപടികള്‍ ഉണ്ടാവാതെ വന്നതോടെ താരങ്ങള്‍ വീണ്ടും പ്രതിഷേധവുമായി ഇറങ്ങുകയായിരുന്നു. താരങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് കോടതി നിര്‍ദേശത്താലാണ് പരാതിയിന്മേല്‍ കേസ് എടുക്കാന്‍ ദില്ലി പൊലീസ് തയ്യാറായത്.

Related News