ഫ്ലൈറ്റ് റദ്ദാക്കൽ തുടർന്ന് ഗോ ഫസ്റ്റ്; ജൂൺ 12 വരെയുള്ള സർവീസുകൾ റദ്ദാക്കി

  • 09/06/2023



ദില്ലി: സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് 2023 ജൂൺ 12 വരെ ഷെഡ്യൂൾ ചെയ്ത എല്ലാ ഫ്ളൈറ്റുകളും റദ്ദാക്കിയതായി ഗോ ഫസ്റ്റ് എയർലൈൻ അറിയിച്ചു. ഫ്‌ളൈറ്റ് റദ്ദാക്കിയതിനെത്തുടർന്ന് യാത്രാ തടസ്സം നേരിട്ടവർക്ക് ആവശ്യമായ സഹായം നൽകുമെന്നും, ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാർക്ക് മുഴുവൻ പണവും മടക്കി നൽകുമെന്നും, എയർലൈൻ പ്രസ്താവനയിൽ പറഞ്ഞു. നേരത്തെ ജൂൺ 9 വരെയായിരുന്നു ഗോ ഫസ്റ്റ് ഫ്ലൈറ്റ് റദ്ദാക്കിയത്. 

മെയ് 3 മുതൽ ആണ് ആദ്യമായി ഗോ ഫസ്റ്റ് എയർലൈൻ ഫ്ലൈറ്റുകൾ റദ്ദാക്കിയത്. മൂന്ന് ദിവസത്തേക്ക് വിമാനങ്ങൾ റദ്ദാക്കാൻ പെട്ടെന്ന് തീരുമാനിച്ചതിനെത്തുടർന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) എയർലൈൻസിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയതിന് പിന്നാലെയാ കൂടുതൽ ദിവസത്തേക്ക് സർവ്വീസുകൾ റദ്ദാക്കിയിരുന്നു. 

എഞ്ചിനുകൾ വിതരണം ചെയ്യുന്നതിൽ പ്രാറ്റ് ആൻഡ് വിറ്റ്നിയുടെ പരാജയമാണ് ഗോ ഫസ്റ്റിനെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ചത്. ഇത് പകുതിയിലധികം വിമാനങ്ങൾ നിലത്തിറക്കാൻ എയർലൈനിനെ നിർബന്ധിതമാക്കിയാതായി കമ്പനി സിഇഒ കൗശിക് ഖോന നേരത്തെ വ്യക്തമാക്കിയിരുന്നു.

5,000ത്തിലധികം പേരാണ് ഗോ ഫസ്റ്റിൽ ജോലി ചെയ്യുന്നത്. വാഡിയ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർലൈൻ, യുഎസ് ആസ്ഥാനമായുള്ള എഞ്ചിൻ നിർമ്മാതാക്കൾക്കെതിരെ ഡെലവെയറിലെ ഫെഡറൽ കോടതിയിൽ ഒരു പരാതി ഫയൽ ചെയ്തിരുന്നു.

Related News