മണിപ്പൂർ സംഘർഷം: കേസ് അന്വേഷണം നടത്താൻ പ്രത്യേക സംഘത്തെ രൂപീകരിച്ച്‌ സിബിഐ

  • 09/06/2023

ഇംഫാല്‍: മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷമുണ്ടായ സാഹചര്യത്തില്‍ കേസ് അന്വേഷണം നടത്താൻ പ്രത്യേക സംഘത്തെ രൂപീകരിച്ച്‌ സിബിഐ. ഇന്നുണ്ടായ കലാപത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഖോക്കൻ ഗ്രാമത്തിലാണ് വെടിവെപ്പ് ഉണ്ടായത്. ഒരു സ്ത്രീ അടക്കമുള്ളവരാണ് കൊല്ലപ്പെട്ടത്. കലാപത്തിലെ ഗൂഢാലോചന ഉണ്ടായോ എന്ന് അന്വേഷിക്കും.


കലാപവുമായി ബന്ധപ്പെട്ട് ആറ് കേസുകളും സിബിഐ രജിസ്റ്റര്‍ ചെയ്തു. പത്തംഗ അന്വേഷണ സംഘത്തിന് നേതൃത്വം നല്‍കുക ഡിഐജി റാങ്കിലുള്ള ഉദ്യോഗസ്ഥരായിരിക്കും. ഗൂഢാലോചന അന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തിരുന്നു. സംഘര്‍ഷത്തിനു പിന്നാലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നടത്തിയ സന്ദര്‍ശനത്തിലാണ് സിബിഐ അന്വേഷണം പ്രഖ്യാപിച്ചത്.

മണിപ്പുരിലെ പ്രധാന സാമുദായിക വിഭാഗമായ മെയ്തെയ് വിഭാഗത്തെ പട്ടികവര്‍ഗത്തില്‍ ഉള്‍പ്പെടുത്താനുള്ള ഹൈക്കോടതി വിധിക്കു പിന്നാലെയാണു സംസ്ഥാനത്തു സംഘര്‍ഷം ഉടലെടുത്തത്. മണിപ്പൂര്‍ സംഘര്‍ഷത്തില്‍ മരണം 98 ആയെന്ന് റിപ്പോര്‍ട്ട്. 310 പേര്‍ക്ക് പരിക്കേറ്റു. തീവച്ചതുമായി ബന്ധപ്പെട്ട് 4014 കേസുകളും രജിസ്റ്റര്‍ ചെയ്തു. ഭൂരിഭാഗം ജില്ലകളിലും തുടര്‍ സംഘര്‍ഷങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 5 ജില്ലകളില്‍ കര്‍ഫ്യൂ പിന്‍വലിക്കുകയും 11 ജില്ലകളില്‍ കര്‍ഫ്യൂ ഇളവ് നല്‍കുകയും ചെയ്തു.

Related News