'വീണ്ടും സമരം, ഏഷ്യൻ ഗെയിംസിൽ നിന്ന് വിട്ടുനിൽക്കും'; കടുത്ത മുന്നറിയിപ്പുകളുമായി ഗുസ്തി താരങ്ങൾ

  • 10/06/2023

ദില്ലി: ലൈംഗിക പീഡന കേസിൽ ഗുസ്തി ഫെഡറേഷൻ പ്രസിഡൻറും ബിജെപി എംപിയുമായി ബ്രിജ് ഭൂഷൻ സിംഗിനെതിരായ പ്രതിഷേധം കടുപ്പിക്കാൻ ഗുസ്തി താരങ്ങൾ. പ്രശ്നത്തിന് പരിഹാരമായാൽ മാത്രമേ ഏഷ്യൻ ഗെയിംഗിൽ മത്സരിക്കൂ എന്ന് സൂപ്പർ താരം സാക്ഷി മാലിക് വ്യക്തമാക്കി. 

കടുത്ത മാനസിക സമ്മർദത്തിലൂടെയാണ് കടന്നുപോകുന്നത് എന്ന് സാക്ഷി കൂട്ടിച്ചേർത്തു. ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്തില്ലെങ്കിൽ വീണ്ടും സമരം ആരംഭിക്കുമെന്ന് ബജ്റംഗ് പൂനിയ മുന്നറിയിപ്പ് നൽകി. സർക്കാരുമായി നടത്തിയ ചർച്ചകളെ കുറിച്ച് വിശദീകരിക്കാനും തുടർ സമര പരിപാടികളെ കുറിച്ച് തീരുമാനിക്കാനും താരങ്ങൾ ഹരിയാനയിൽ മഹാപഞ്ചായത്ത് വിളിച്ചിട്ടുണ്ട്

കഴിഞ്ഞ ജനുവരി 18നാണ് ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷനെതിരെ ലൈംഗിക ആരോപണവുമായി താരങ്ങൾ രംഗത്തെത്തിയത്. ഫെഡറേഷൻ പിരിച്ചുവിടണമെന്നും ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്യണമെന്നുമുള്ള ആവശ്യങ്ങളായിരുന്നു താരങ്ങൾ ഉയർത്തിയത്. മൂന്ന് ദിവസം നീണ്ടുനിന്ന സമരത്തിനൊടുവിൽ താരങ്ങളുടെ പരാതി അന്വേഷിക്കാൻ കായിക മന്ത്രാലയം പ്രത്യേക സമിതിയെ നിയോഗിച്ചിരുന്നു. മേരി കോം അധ്യക്ഷയായ ആറംഗസമിതിയാണ് ഇവരുടെ പരാതികൾ അന്വേഷിക്കുന്നത്. വിഷയത്തിൽ പൊലീസിൽ പരാതി നൽകിയിട്ടും തുടർ നടപടികൾ ഉണ്ടാവാതെ വന്നതോടെ താരങ്ങൾ വീണ്ടും പ്രതിഷേധവുമായി ഇറങ്ങുകയായിരുന്നു. താരങ്ങളുടെ പ്രതിഷേധത്തെ തുടർന്ന് കോടതി നിർദേശത്താലാണ് പരാതിയിൻമേൽ കേസ് എടുക്കാൻ ദില്ലി പൊലീസ് തയ്യാറായത്.

Related News