'2024 ലെ തെരഞ്ഞെടുപ്പിൽ മത്സരിക്കും'; ബിജെപി റാലിയിൽ പ്രഖ്യാപനവുമായി ബ്രിജ് ഭൂഷൺ

  • 11/06/2023

ഗോണ്ട: 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന പ്രഖ്യാപനവുമായി ലൈംഗികാതിക്രമക്കേസ് നേരിടുന്ന ഗുസ്തി ഫെഡറേഷൻ മുൻ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ ഷരൺ സിങ്. സിറ്റിങ് സീറ്റായ കിഴക്കൻ ഉത്തർപ്രദേശിലെ കൈസർഗഞ്ചിൽനിന്ന് 2024 ലും മത്സരിക്കുമെന്നാണ് ബ്രിജ് ഭൂഷന്റെ പ്രഖ്യാപനം. മോദി സർക്കാരിന്റെ ഒൻപതാം വാർഷികം പ്രമാണിച്ചു കൈസർഗഞ്ച് മണ്ഡലത്തിൽ ഉൾപ്പെടുന്ന ഗോണ്ട ജില്ലയിൽ നടന്ന ബിജെപി റാലിയിലാണ് ബ്രിജ് ഭൂഷൺ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചത്.

2024 ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ കൈസർഗഞ്ചിൽനിന്ന് മത്സരിക്കുമെന്ന് ബ്രിജ് ഭൂഷൺ മൂന്നു തവണ ആവർത്തിച്ചു. വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിൽ അയോധ്യയിൽനിന്നോ, ഗോണ്ടയിൽനിന്നോ മത്സരിക്കുമോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രത്തിൽ ബിജെപി ഭൂരിപക്ഷം നേടി വീണ്ടും സർക്കാർ രൂപീകരിക്കുമെന്നും ബ്രിജ് ഭൂഷൺ പറഞ്ഞു.

ബിജെപിയുടെ നേതൃത്വത്തിൽ നടത്തിയ മഹാ ജനസമ്പർക്ക റാലിയിലാണ് ബ്രിജ് ഭൂഷൺ സ്ഥാനാർഥിത്വം സംബന്ധിച്ചു വ്യക്തത വരുത്തിയത്. നേരത്തെ അയോധ്യയിൽ നടത്താൻ തീരുമാനിച്ച പൊതുസമ്മേളനം ബ്രിജ് ഭൂഷൺ പിൻവലിച്ചിരുന്നു. ഗുസ്തി താരങ്ങളുടെ പരാതിയിൽ പോലീസ് അന്വേഷണം തുടരുന്നതു ചൂണ്ടിക്കാട്ടിയാണ് സമ്മേളനം പിൻവിച്ചിരുന്നത്.

Related News