ഗുസ്തി ഫെഡറേഷന് പുതിയ അധ്യക്ഷൻ ഉടൻ; തെരഞ്ഞെടുപ്പ് അടുത്ത മാസം

  • 12/06/2023

ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യ തെരഞ്ഞെടുപ്പ് അടുത്ത മാസം. ജൂലൈ 4 നാകും തെരഞ്ഞെടുപ്പ് നടക്കുക. ഇന്ത്യൻ ഒളിമ്പിക്‌സ് അസോസിയേഷന്റേതാണ് തീരുമാനം. ഗുസ്തി താരങ്ങളുടെ സമരത്തിന്റെ പശ്ചാത്തലത്തിൽ 45 ദിവസത്തിനകം തെരഞ്ഞെടുപ്പ് നടത്തണമെന്ന് രാജ്യാന്തര ഒളിമ്പിക്‌സ് അസോസിയേഷൻ നിർദ്ദേശം നൽകിയിരുന്നു. 

ബ്രിജ് ഭൂഷണിന്റെ കുടുംബക്കാരിൽ നിന്നോ കൂട്ടാളികളിൽ നിന്നോ ആരും മത്സരിക്കില്ലെന്ന് ഗുസ്തി താരങ്ങൾക്ക് കേന്ദ്രം ഉറപ്പുകൊടുത്തിട്ടുണ്ട്. അധ്യക്ഷ സ്ഥാനത്തേക്കെത്തുന്നത് വനിതയാവണമെന്ന് ഗുസ്തി താരങ്ങൾ ആവശ്യമുന്നയിച്ചിരുന്നെങ്കിലും ഇക്കാര്യത്തിൽ കേന്ദ്രം ഉറപ്പുനൽകിയിട്ടില്ല. 

ഗുസ്തി ഫെഡറേഷൻ മുൻ പ്രസിഡന്റ് ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ ഗുസ്തി താരങ്ങൾ പൊലീസിന് തെളിവുകൾ കൈമാറിയിരുന്നു. ലൈംഗികാരോപണം ഉന്നയിച്ച ആറ് വനിതാ താരങ്ങളിൽ നാലുപേരും തങ്ങളുടെ ആരോപണങ്ങൾ ശരിവയ്ക്കുന്ന തെളിവുകൾ നൽകിയിട്ടുണ്ടെന്ന് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി. കുറ്റപത്രം സമർപ്പിക്കാൻ സർക്കാർ സമയം ആവശ്യപ്പെട്ടതിനെത്തുടർന്ന് ജൂൺ 15 വരെ സമരം വെച്ചിരുന്നു. ആ കാലാവധിക്കുള്ളിൽ കുറ്റപത്രം സമർപ്പിക്കാനാണ് പൊലീസ് നീക്കം.

Related News