വനിതാ സുഹൃത്തിനെ കോക്പിറ്റില്‍ കയറ്റിയ സംഭവം: പൈലറ്റുമാര്‍ക്കെതിരെ നടപടി

  • 13/06/2023



ദില്ലി: വനിതാ സുഹൃത്തിനെ കോക്പിറ്റില്‍ കയറ്റിയ സംഭവത്തില്‍ പൈലറ്റുമാര്‍ക്കെതിരെ നടപടി. എയർ ഇന്ത്യ പൈലറ്റിനും, സഹ പൈലറ്റിനുമെതിരെയാണ് നടപടി എടുത്തിരിക്കുന്നത്. കാബിൻ ക്രൂവിന്‍റെ പരാതിയിലാണ് നടപടി. ഇരുവരേയും ജോലിയിൽ നിന്ന് മാറ്റി നിർത്തി. അന്വേഷണത്തിന് ശേഷം കൂടുതൽ നടപടിയുണ്ടാകുമെന്ന് എയർ ഇന്ത്യ വിശദമാക്കി. ദില്ലി - ലേ വിമാനത്തിൽ കഴിഞ്ഞയാഴ്ചയാണ് സംഭവം.

എയര്‍ ഇന്ത്യയുടെ 445 വിമാനത്തിലായിരുന്നു കോക്പിറ്റില്‍ പൈലറ്റിന്‍റെ സുഹൃത്ത് കയറിയത്. നിയമങ്ങള്‍ പാലിച്ചല്ല പൈലറ്റിന്‍റെ വനിതാ സുഹൃത്ത് കോക്പിറ്റിനുള്ളില്‍ കയറിയത്. സംഭവത്തേക്കുറിച്ച് ഡിജിസിഎ അന്വേഷിക്കുമെന്നും ആവശ്യമായ നടപടിയുണ്ടാവുമെന്നും എയര്‍ ഇന്ത്യ വിശദമാക്കി. 

ആരോപണങ്ങള്‍ പരിശോധിക്കാന്‍ എയര്‍ ഇന്ത്യ പ്രത്യേക സമിതി രൂപീകരിച്ചിട്ടുണ്ട്. രാജ്യത്തെ ഏറ്റവും ദുര്‍ഘടമായ ആകാശപാതകളിലൊന്നാണ് ലേയിലേക്കുള്ളത്. ഈ പാതയില്‍ അനുമതിയില്ലാത്ത വ്യക്തിയെ കോക്പിറ്റിനുള്ളില്‍ അനുവദിക്കുന്നത് നിയമലംഘനമാണ്.

സൈനികപരമായും ഏറെ പ്രാധാന്യമുള്ളതാണ് ഈ മേഖല. ഉയര്‍ന്ന മേഖലയായതിനാല്‍ ഓക്സിജന്‍ ലഭ്യതക്കുറവിനേത്തുടര്‍ന്ന് മികച്ച ആരോഗ്യക്ഷമതയും ഇവിടെ സുരക്ഷിതമായ ലാന്‍ഡിംഗിന് പൈലറ്റുമാര്‍ക്ക് അത്യാവശ്യമാണ്. അടുത്തിടെയാണ് ദുബായ് ദില്ലി വിമാനത്തില്‍ കോക്പിറ്റില്‍ വനിതാ സുഹൃത്തിനെ കയറ്റിയ പൈലറ്റുമാരുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തത് അടുത്തിടെയാണ്. ഡിജിസിഎ ഈ സംഭവത്തില്‍ എയര്‍ ഇന്ത്യക്ക് 30 ലക്ഷം പിഴയും ചുമത്തിയിരുന്നു. 

Related News