മുംബൈ - പൂനെ എക്സ്പ്രസ് വേയില്‍ ഓയില്‍ ടാങ്കറിന് തീപിടിച്ചു; നാലുപേര്‍ മരിച്ചു

  • 13/06/2023

മുംബൈ: മുംബൈ - പൂനെ എക്സ്പ്രസ് വേയില്‍ ഓയില്‍ ടാങ്കറിന് തീപിടിച്ചു. നിയന്ത്രണം നഷ്ടപ്പെട്ട ടാങ്കര്‍ ലോറി മറിഞ്ഞാണ് തീ പിടിച്ചത്. അപകടത്തില്‍ നാലുപേര്‍ മരിച്ചു.


ചൊവ്വാഴ്ച ഉച്ചയോടെ ലോണാവാലയ്ക്ക് സമീപമാണ് സംഭവം. കുഡെ ഗ്രാമത്തിന് സമീപമുള്ള മേല്‍പ്പാലത്തിലാണ് ടാങ്കര്‍ ലോറി മറിഞ്ഞ് എണ്ണ പരന്നൊഴുകിയത്. തുടര്‍ന്നുണ്ടായ തീപിടിത്തത്തില്‍ ടാങ്കറിന്‍റെ ഡ്രൈവറും സഹായിയും മരിച്ചു. റോഡിലൂടെ സ്കൂട്ടറില്‍ പോവുകയായിരുന്ന രണ്ട് പേരും മരിച്ചതാണ് വിവരം. നിരവധി പേര്‍ക്ക് പൊള്ളലേറ്റു. മൂന്ന് പേരുടെ നില ഗുരുതരമാണ്.

എണ്ണ റോഡില്‍ പരന്നൊഴുകിയതോടെ വാഹനങ്ങള്‍ നിയന്ത്രണം നഷ്ടമായി തെന്നിവീഴുന്ന സാഹചര്യമുണ്ടായി. അങ്ങനെയും പലര്‍ക്കും പരിക്കേറ്റു. എക്‌സ്‌പ്രസ്‌വേ പൊലീസ്, പൂനെ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് സെല്‍, ലോണാവാല - ഖോപോളി മുനിസിപ്പല്‍ കോര്‍പ്പറേഷനുകളില്‍ നിന്നുള്ള അഗ്നിശമന സേന, ഐഎൻഎസ് ശിവാജി എന്നിവയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

Related News