വീണ്ടും വിമാന സർവീസ് റദ്ദാക്കി ഗോ ഫസ്റ്റ്: ജൂൺ 16 വരെ ഷെഡ്യൂൾ ചെയ്ത എല്ലാ ഫ്ളൈറ്റുകളും റദ്ദാക്കി

  • 14/06/2023




ദില്ലി: വീണ്ടും വിമാന സർവീസ് റദ്ദാക്കി ഗോ ഫസ്റ്റ്, സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് 2023 ജൂൺ 16 വരെ ഷെഡ്യൂൾ ചെയ്ത എല്ലാ ഫ്ളൈറ്റുകളും റദ്ദാക്കിയതായി ഗോ ഫസ്റ്റ് എയർലൈൻ അറിയിച്ചു. 

ഫ്‌ളൈറ്റ് റദ്ദാക്കിയതിനെത്തുടർന്ന് യാത്രാ തടസ്സം നേരിട്ടവർക്ക് ആവശ്യമായ സഹായം നൽകുമെന്നും, ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാർക്ക് മുഴുവൻ പണവും മടക്കി നൽകുമെന്നും, എയർലൈൻ പ്രസ്താവനയിൽ പറഞ്ഞു. നേരത്തെ ജൂൺ 14 വരെയായിരുന്നു ഗോ ഫസ്റ്റ് ഫ്ലൈറ്റ് റദ്ദാക്കിയത്. 

മെയ് 3 മുതൽ ആണ് ആദ്യമായി ഗോ ഫസ്റ്റ് എയർലൈൻ ഫ്ലൈറ്റുകൾ റദ്ദാക്കിയത്. മൂന്ന് ദിവസത്തേക്ക് വിമാനങ്ങൾ റദ്ദാക്കാൻ പെട്ടെന്ന് തീരുമാനിച്ചതിനെത്തുടർന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) എയർലൈൻസിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയതിന് പിന്നാലെയാ കൂടുതൽ ദിവസത്തേക്ക് സർവ്വീസുകൾ റദ്ദാക്കിയിരുന്നു. 

യാത്രക്കാരുടെ എണ്ണം കുറയുന്നത് ഗോ ഫസ്റ്റിന്റെ സാമ്പത്തിക നിലയെ ബാധിച്ചു. റെഗുലേറ്ററി ഫയലിംഗുകൾ പ്രകാരം 2222 സാമ്പത്തിക വർഷത്തിൽ 218 മില്യൺ ഡോളറിന്റെ നഷ്ടമാണ് എയർലൈൻ റിപ്പോർട്ട് ചെയ്തത്. മുൻ വർഷത്തെ 105 മില്യൺ ഡോളറിന്റെ നഷ്ടത്തേക്കാൾ ഇരട്ടിയായിരുന്നു ഇത്.

Related News