മണിപ്പൂരില്‍ വെടിവെപ്പില്‍ സ്ത്രീയുള്‍പ്പെടെ ഒമ്ബതുപേര്‍ കൊല്ലപ്പെട്ടു

  • 14/06/2023

ഇംഫാല്‍: മണിപ്പൂരില്‍ വെടിവെപ്പില്‍ സ്ത്രീയുള്‍പ്പെടെ ഒമ്ബതുപേര്‍ കൊല്ലപ്പെട്ടു. 10 പേര്‍ക്ക് പരിക്കേറ്റു. ഖമെൻലോക് മേഖലയില്‍ ചൊവ്വാഴ്ച രാത്രിയാണ് വെടിവെപ്പുണ്ടായതെന്ന് സൈന്യം പറഞ്ഞു. സമാധാനം പുനഃസ്ഥാപിക്കാൻ സൈന്യം നിരവധി ഇടപെടല്‍ നടത്തിയിരുന്നെങ്കിലും ഇതൊന്നും ഫലം കണ്ടില്ലെന്നാണ് പുതിയ വിവരങ്ങള്‍ സൂചിപ്പിക്കുന്നത്.


കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തന്നെ മണിപ്പൂരിലെത്തി ചര്‍ച്ചകള്‍ നടത്തിയിരുന്നു. പക്ഷേ സംഘര്‍ഷാവസ്ഥ ഇപ്പോഴും തുടരുകയാണെന്നാണ് പുറത്തുവരുന്ന വിവരം. നിരവധി വീടുകള്‍ അഗ്നിക്കിരയാക്കിയതായും റിപ്പോര്‍ട്ടുകളുണ്ട്. ഇന്റര്‍നെറ്റ് നിരോധനം നിലനില്‍ക്കുന്ന സംസ്ഥാനത്തുനിന്ന് സൈന്യം നല്‍കുന്ന വാര്‍ത്തകള്‍ മാത്രമാണ് പുറത്തുവരുന്നത്.

സര്‍ക്കാര്‍ നല്‍കുന്ന കണക്കുപ്രകാരം നൂറിലധികം ആളുകള്‍ ഇതുവരെ കൊല്ലപ്പെട്ടതായാണ് വിവരം. എന്നാല്‍ കൊല്ലപ്പെട്ടവരുടെ പൂര്‍ണ വിവരങ്ങള്‍ പുറത്തുവിടാൻ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. സംഘര്‍ഷം അവസാനിപ്പിക്കാൻ ഗവര്‍ണറുടെ നേതൃത്വത്തില്‍ പ്രത്യേക സമിതി രൂപീകരിച്ചിരുന്നെങ്കിലും ഒരുതവണ മാത്രമാണ് ഇവര്‍ യോഗം ചേര്‍ന്നത്.

ഒരു മാസത്തോളമായി മണിപ്പൂരില്‍ സംഘര്‍ഷാവസ്ഥ തുടരുകയാണ്. സംഘര്‍ഷം അവസാനിപ്പിക്കാൻ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ വേണ്ടത്ര ഇടപെടലുകള്‍ നടത്തുന്നില്ലെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. പ്രധാനമന്ത്രി ഇതുവരെ മണിപ്പൂര്‍ സന്ദര്‍ശിക്കാത്തതിനെയും പ്രതിപക്ഷം വിമര്‍ശിക്കുന്നത്. പൊലീസിന്റെ ആയുധങ്ങള്‍ വൻതോതില്‍ മേഷണം പോയിരുന്നു. ഇതുപയോഗിച്ചാണ് ആക്രമണം നടത്തുന്നത് എന്നാണ് സൈന്യം തന്നെ പറയുന്നത്. എന്നാല്‍ ഈ ആയുധങ്ങള്‍ ഇതുവരെ പിടിച്ചെടുക്കാൻ സൈന്യത്തിനായിട്ടില്ല.

Related News