ഏറ്റവും സൗഹാർദ്ദപരമല്ലാത്ത ഇന്ത്യയിലെ ന​ഗരങ്ങൾ ഏതൊക്കെയാണ്?

  • 14/06/2023




പലപ്പോഴും നമ്മുടെ നാട്ടിൽ നിന്നും ജോലി ആവശ്യത്തിനും മറ്റുമായി വലിയ ന​ഗരങ്ങളിലേക്ക് മാറിത്താമസിക്കാൻ ആ​ഗ്രഹിക്കുന്നവരുണ്ടാകും. എന്നാൽ, ഏറ്റവും സൗഹാർദ്ദപരമല്ലാത്ത ഇന്ത്യയിലെ ന​ഗരങ്ങൾ ഏതൊക്കെയാണ്? ലോകത്തിലെ തന്നെ സൗഹാർദ്ദപരമല്ലാത്ത ന​ഗരങ്ങളുടെ പട്ടികയിൽ ഇടം പിടിച്ചിരിക്കുകയാണ് ഇന്ത്യയിൽ നിന്നുമുള്ള രണ്ട് ന​ഗരങ്ങൾ. ഭാഷാപഠനത്തിനും മറ്റുമുള്ള ഓൺലൈൻ പ്ലാറ്റ്‍ഫോമായ Preply നടത്തിയ പഠനത്തിലാണ് സൗഹാർദ്ദപരമല്ലാത്ത ന​ഗരങ്ങളുടെ പട്ടികയിൽ ഇന്ത്യയിൽ നിന്നുള്ള രണ്ട് ന​ഗരങ്ങളും പെട്ടിരിക്കുന്നത്. 

മുംബൈയും ദില്ലിയുമാണ് ഈ പട്ടികയിൽ ഇടം പിടിച്ചിരിക്കുന്നത്. നേരത്തെ കമ്മ്യൂണിറ്റി സ്പിരിറ്റ് ഇൻഡക്‌സ് നടത്തിയ ഒരു സർവേയിൽ, വിവിധ രാജ്യങ്ങളിൽ നിന്നുള്ള 53 നഗരങ്ങളിലെ താമസക്കാർ അവരുടെ ന​ഗരങ്ങൾ എത്രത്തോളം സൗഹാർദ്ദപരവും സൗഹൃദപരമല്ലാത്തതുമാണ് എന്നതിന്റെ അടിസ്ഥാനത്തിൽ റാങ്കുകൾ നൽകിയിരുന്നു. അതിൽ ഇന്ത്യൻ നഗരങ്ങളൊന്നും തന്നെ സൗഹാർദ്ദപരമായ ന​ഗരങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടില്ലായിരുന്നു. എന്നാൽ, Preply നടത്തിയ പഠനത്തിൽ സൗഹാർദ്ദപരമല്ലാത്ത ന​ഗരങ്ങളുടെ പട്ടികയിൽ രണ്ട് ന​ഗരങ്ങൾ ഇടം പിടിച്ചിരിക്കയാണ്. 

ഘാന, മൊറോക്കോ, മുംബൈ, കുലാലംപൂർ, റിയോ ഡി ജനീറോ, ദില്ലി എന്നിങ്ങനെയാണ് പട്ടിക പോകുന്നത്. ആറ് മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. സന്ദർശകരുടെ മടങ്ങിവരവിന്റെ നിരക്ക്, സുരക്ഷാ നിരക്ക്, LGBTQ+ സമത്വം, മൊത്തത്തിലുള്ള സന്തോഷം, ഒരു കോമൺ ഭാഷയിലൂടെയുള്ള ആശയവിനിമയം എത്രത്തോളം നടക്കുന്നു, സ്റ്റാഫിന്റെ പെരുമാറ്റത്തിലെ സൗഹൃദം എന്നിവയാണ് അവ. 

അതേ സമയം ലോകത്തിലെ ഏറ്റവും സൗഹാർദ്ദപരമായ ന​ഗരങ്ങളായി സർവേ കണ്ടെത്തിയത് ടൊറൊന്റോയും സിഡ്‍നിയും ആണ്. ന്യൂയോർക്ക്, ഡബ്ലിൻ, കോപ്പൻഹേഗൻ, മോൺട്രിയൽ, മാഞ്ചസ്റ്റർ എന്നിവയും ലോകത്തിലെ ഏറ്റവും മികച്ച സൗഹൃദം സൂക്ഷിക്കുന്ന നഗരങ്ങളിൽ പെടുന്നവയാണ് എന്നും സർവേ പറയുന്നു.

Related News