തെളിവുകളുടെ അഭാവത്തിൽ പോക്‌സോ റദ്ദാക്കണമെന്ന് ദില്ലി പൊലീസ്; ബ്രിജ് ഭൂഷണെതിരായ കുറ്റപത്രം സമർപ്പിച്ചു

  • 15/06/2023

ദില്ലി: ഗുസ്തി താരങ്ങൾ നൽകിയ ലൈംഗിക പീഡന കേസിൽ ബിജെപി എം പി ബ്രിജ് ഭൂഷണെതിരായ കുറ്റപത്രം സമർപ്പിച്ചു. അതേസമയം, സാഹചര്യത്തെളിവുകളുടെ അഭാവത്തിൽ പോക്‌സോ കേസ് റദ്ദാക്കാനും പൊലീസ് അപേക്ഷ നൽകി. കേസ് നാലിന് പരിഗണിക്കും. ആറ് ഗുസ്തി താരങ്ങളുടെ പരാതിയിൽ ആയിരത്തി അഞ്ഞൂറോളം പേജുള്ള കുറ്റപത്രമാണ് ദില്ലി പൊലീസ് റോസ് അവന്യൂ കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്. പ്രായപൂർത്തിയാകാത്ത താരത്തിൻറെ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്ന് പൊലീസ് പട്യാല ഹൗസ് കോടതിയിൽ ആവശ്യപ്പെട്ടിട്ടുമുണ്ട്. പ്രായപൂർത്തിയാകാത്ത താരം ഉന്നയിച്ച പരാതിക്ക് അടിസ്ഥാനമില്ലെന്നാണ് പൊലീസ് വാദം. പെൺകുട്ടി മൊഴി പിൻവലിച്ചെന്നും പൊലീസ് കോടതിയെ അറിയിച്ചു. ചാമ്പ്യൻ ഷിപ്പിൽ തോറ്റതിലുള്ള പ്രകോപനത്തിൽ ബ്രിജ് ഭൂഷണോടുള്ള ദേഷ്യം മൂലം പരാതി നൽകിയതാണെന്ന പെൺകുട്ടിയുടെ അച്ഛൻറെ മൊഴിയും വാദത്തിന് ബലം പകരാൻ പൊലീസ് കോടതിയുടെ ശ്രദ്ധയിൽ കൊണ്ടു വന്നിട്ടുണ്ട്. 

ലൈംഗിക പീഡന കേസിലും ബ്രിജ് ഭൂഷണെ വെള്ള പൂശാൻ പൊലീസ് ശ്രമം നടത്തിയിട്ടുണ്ടെന്നാണ് സൂചന. പരാതി ഉന്നയിച്ച കാലത്ത് താരങ്ങളും ബ്രിജ് ഭൂഷണും നല്ല ബന്ധത്തിലായിരുന്നുവെന്ന് സ്ഥാപിക്കാൻ 6 വീഡിയോകളും കുറ്റപത്രത്തിനൊപ്പം സമർപ്പിച്ചുണ്ടെന്നാണ് സൂചന. വിദേശത്തും പീഡിപ്പിച്ചിട്ടുണ്ടെന്ന വാദം പൊളിക്കാൻ 6 വിദേശ ഫെഡറേഷനുകളും പ്രതികരണവും ഉൾപ്പെടുത്തിയിട്ടുണ്ട്. വിദേശ പര്യടനങ്ങളിലൊന്നും താരങ്ങളുടെ പരാതി കിട്ടിയിട്ടില്ലെന്നാണ് ഫെഡറേഷനുകളുടെ മറുപടിയെന്ന് സൂചനയുണ്ട്.

പോക്‌സോ കേസ് റദ്ദായാൽ ബ്രിജ് ഭൂഷണെതിരായ കുറ്റത്തിൻറെ തീവ്രത കുറയും. മറ്റ് പരാതികളും കെട്ടിചമച്ചതാണെന്ന വാദത്തിലേക്ക് എത്തിച്ചാൽ ബ്രിജ് ഭൂഷണ് രക്ഷപ്പെടാം. അന്വേഷണത്തിൽ പൊലീസിൻറെ നിലപാടാണ് അന്തിമമെന്ന് കേന്ദ്ര സർക്കാരും വ്യക്തമാക്കി കഴിഞ്ഞു. അതേസമയം ബ്രിജ് ഭൂഷണെ രക്ഷപ്പെടുത്തിയാൽ സമരം വീണ്ടും ശക്തമാക്കാനാണ് താരങ്ങളുടെ തീരുമാനം.

Related News