ഞങ്ങള്‍ തിരിച്ചടിച്ചാല്‍ ബി.ജെ.പിക്ക് താങ്ങാനാവില്ല, ബിജെപിക്ക് മുന്നറിയിപ്പ് നൽകി സ്റ്റാലിൻ

  • 15/06/2023

ചെന്നൈ: തമിഴ്നാട് മന്ത്രി സെന്തില്‍ ബാലാജിയെ ഇ.ഡി അറസ്റ്റ് ചെയ്തതിന് പിന്നാലെ ബി.ജെ.പിയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച്‌ മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. ഞങ്ങള്‍ തിരിച്ചടിച്ചാല്‍ ബി.ജെ.പിക്ക് താങ്ങാനാവില്ലെന്ന് സ്റ്റാലിൻ പറഞ്ഞു. ഇത് തങ്ങളുടെ ഭീഷണിയല്ലെന്നും മുന്നറിയിപ്പാണെന്നും സ്റ്റാലിൻ വ്യക്തമാക്കി. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വിഡിയോയിലാണ് അറസ്റ്റിനേയും ബി.ജെ.പിയേയും രൂക്ഷമായി വിമര്‍ശിച്ച്‌ സ്റ്റാലിൻ രംഗത്തെത്തിയത്.


നേര്‍ക്കുനേര്‍ നിന്ന് രാഷ്ട്രീയം പറയാൻ ഡി.എം.കെ തയാറാണ്. ഭീഷണിപ്പെടുത്തി ഞങ്ങളെ അനുസരിപ്പിക്കാനാവില്ല. അതിനാണ് ശ്രമിക്കുന്നതെങ്കില്‍ നിവര്‍ന്ന് തന്നെ നില്‍ക്കും. അധികാരത്തിന് വേണ്ടി മാത്രം പാര്‍ട്ടി നടത്തുന്നവരല്ല ഞങ്ങള്‍. ഡി.എം.കെയുടെ പോരാട്ട വീര്യം ഡല്‍ഹിയിലുള്ളവരോട് ചോദിച്ച്‌ മനസിലാക്കൂവെന്നും സ്റ്റാലിൻ പറഞ്ഞു.

വര്‍ഗീയവാദം ഉള്‍പ്പടെ ബി.ജെ.പിയുടെ തെറ്റായ നയങ്ങളെ എതിര്‍ക്കുന്നവരാണ് ഞങ്ങള്‍. ഇവരെ രാഷ്ട്രീയത്തില്‍ നേരിടുകയാണ് തങ്ങളുടെ രീതിയെന്നും സ്റ്റാലിൻ പറഞ്ഞു. 2024ലെ തെരഞ്ഞെടുപ്പ് കാത്തിരിക്കുന്നുണ്ട്. തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ ശക്തമായി നേരിടുമെന്നും സ്റ്റാലിൻ കൂട്ടിച്ചേര്‍ത്തു.

Related News