IASC വാര്‍ഷിക കോണ്‍ഫറന്‍സിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് മലയാളി

  • 16/06/2023

 



ഇന്റര്‍നാഷനല്‍ അസോസിയേഷന് ഫോര്‍ ദ സ്റ്റഡി ഓഫ് ദി കോമണ്‍സിന്റെ (IASC) വാര്‍ഷിക കോണ്‍ഫറന്‍സിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് മലയാളി. കോഴിക്കോട് സ്വദേശിനിയായ ജ്യോതി കാരാട്ടിനാണ് അവസരം ലഭിച്ചത്. ജൂണ് 19 മുതൽ 24 വരെ കെനിയയിലെ നെയ്‌റോബിയില്‍ അരങ്ങേറുന്ന പത്തൊന്‍പതാമത് വാര്‍ഷിക കോണ്‍ഫറന്‍സിലേക്കാണ് ജ്യോതിക്ക് ക്ഷണം ലഭിച്ചത്. 'പരമ്പരാഗത രീതികള്‍ക്കും വരും കാലത്തെ കൂട്ടായ പ്രവര്‍ത്തനങ്ങള്‍ക്കും ഇടയില്‍ ഉള്ള ഒരു വ്യവസ്ഥ: അതാണ് ഞങ്ങള്‍ വിഭാവനം ചെയ്യുന്നത്' എന്നതാണ് കോണ്‍ഫറസിന്റെ ഇത്തവണത്തെ വിഷയം.

നൈറോബി യൂണിവേഴ്‌സിറ്റിയും സ്വിറ്റ് സര്‍ലന്റിലെ ബേണ്‍ യൂനിവേഴ്‌സിറ്റിയും ചേര്‍ന്നൊരുക്കുന്ന ഈ ആഗോള സെമിനാറില്‍ യുകെ, യുഎസ്, ഫ്രാന്‍സ്, ഇറ്റലി, ചൈന, ഇസ്രായേല്‍ തുടങ്ങി ഇരുപതിലധികം രാജ്യങ്ങളിലെ സര്‍വ്വകലാശാലകള്‍ പങ്കെടുക്കും. നഗരവത്കരണം, ആഗോളവത്കരണം, മഹാമാരികളും ആരോഗ്യസംവിധാനങ്ങളും, ഡിജിറ്റല്‍ യുഗം സൃഷ്ടിക്കുന്ന സാധ്യതകളും വെല്ലുവിളികളും, പരിസ്ഥിതി സംരക്ഷണം തുടങ്ങി പതിനൊന്ന് വിഷയങ്ങള്‍ ചര്‍ച്ചചെയ്യപ്പെടും. വനാതിര്‍ത്തികളോട് ചേര്‍ന്നു കിടക്കുന്ന ആവാസ കേന്ദ്രങ്ങളില്‍ മനുഷ്യരും വന്യമൃഗങ്ങളും, പ്രത്യേകിച്ച് ആനകളും തമ്മിലുള്ള സംഘര്‍ഷവും അതിനുള്ള പരിഹാരമാര്‍ഗങ്ങളുമാണ് ജ്യോതി കാരാട്ടിന്റെ പ്രബന്ധവിഷയം.

ബെംഗളൂരു കേന്ദ്രമാക്കി പ്രവര്‍ത്തിച്ചിരുന്ന ജ്യോതി നീലഗിരി കാടുകളിലും ബെംഗളൂരുവിലെ ബന്നാർഘട്ട കാട്ടിലുമുള്ള വനനിവാസികള്‍ക്കൊപ്പം താമസിച്ച് ഇതുമായി ബന്ധപ്പെട്ട ഡോക്യുമെന്ററി നിര്‍മ്മിച്ചിട്ടുണ്ട്. ട്രാവല്‍ ഫോട്ടോഗ്രഫിയിലും, ഡോക്യുമെന്ററി പ്രൊഡക്ഷനിലും മികവ് തെളിയിച്ച ജ്യോതി നിലവില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിയാണ്. ഇറാസ്മസ്മുണ്ടസ് സ്‌കോളര്‍ഷിപ്പോടെ സ്വിറ്റ്‌സര്‍ലന്‍ഡിലെ ബേണ്‍ സര്‍വകലാശായില്‍ സോഷ്യല്‍ അന്ത്രോപോളജിയിലാണ് പി.ജി ചെയ്യുന്നത്.

Related News