സർക്കാരിൽ ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെട്ടു, പ്രധാനമന്ത്രിക്ക് കത്തയച്ച് മണിപ്പുരിലെ ബിജെപി എം എൽ എ മാർ

  • 21/06/2023

ഇംഫാല്‍: എൻ. ബിരേൻ സിങ്ങിന്‍റെ നേതൃത്വത്തിലുള്ള സര്‍ക്കാരില്‍ സംസ്ഥാനത്തെ ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടിരിക്കുകയാണെന്ന് ചൂണ്ടിക്കാണിച്ച്‌ മണിപ്പൂരില്‍ നിന്നുള്ള ബി.ജെ.പി എം.എല്‍.എമാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. എട്ട് ബി.ജെ.പി എം.എല്‍.എമാരും സര്‍ക്കാരിനെ പിന്തുണക്കുന്ന സ്വതന്ത്രനും ഉള്‍പ്പെടെ ഒന്‍പത് എം.എല്‍.എമാരാണ് പ്രധാനമന്ത്രിയുടെ ഓഫീസിന് മെമ്മോറാണ്ടം സമര്‍പ്പിച്ചത്.


കരം ശ്യാം സിംഗ്, തോക്‌ചോം രാധേശ്യാം സിംഗ്, നിഷികാന്ത് സിംഗ് സപം, ഖ്വൈരക്‌പം രഘുമണി സിംഗ്, എസ് ബ്രോജൻ സിംഗ്, ടി റോബിന്ദ്രോ സിംഗ്, എസ് രാജെൻ സിംഗ്, എസ് കെബി ദേവി, വൈ രാധേശ്യാം എന്നീ ഒന്‍പത് എം.എല്‍.എമാരാണ് ഇതില്‍ ഒപ്പുവെച്ചത്. ഇവരെല്ലാം മെയ്തി സമുദായത്തില്‍ പെട്ടവരാണ്. കുക്കി എം.എല്‍.എമാരും മെയ്തി എംഎല്‍എമാരും തമ്മില്‍ ഒരു കൂടിക്കാഴ്ച സംഘടിപ്പിക്കണമെന്നും മെമ്മോറാണ്ടത്തില്‍ അഭ്യര്‍ഥിച്ചു. മണിപ്പൂരിന്‍റെ എല്ലാ ഭാഗങ്ങളിലും കേന്ദ്രസേനയെ ഏകീകൃതമായി വിന്യസിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

അതേസമയം മണിപ്പൂര്‍ കലാപത്തില്‍ പ്രധാനമന്ത്രിയുടെ മൗനം അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചയാക്കാനാണ് മെയ്തി വിഭാഗത്തിന്‍റെ നീക്കം. മോദിയുടെ അമേരിക്കന്‍ പര്യടനത്തിനിടെ വാഷിംഗ്ടണ്ണില്‍ മെയ്തി വിഭാഗം പ്രതിഷേധിക്കുമെന്നാണ് വിവരം. സംഘര്‍ഷത്തില്‍ ഇടപെടല്‍ കാത്ത് നിന്ന മണിപ്പൂരിലെ ഭരണ പ്രതിപക്ഷ അംഗങ്ങളെ അവഗണിച്ച്‌ അമേരിക്കക്ക് പുറപ്പെട്ട മോദിയെ പിന്തുടര്‍ന്നാണ് പ്രതിഷേധം. നോര്‍ത്ത് അമരിക്കയിലുള്ള മെയ്തി വിഭാഗം വാഷിംഗ് ടണിലെ ഒരു പാര്‍ക്കില്‍ പ്രതിഷേധിക്കാനാണ് തീരുമാനം. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മണിപ്പൂരില്‍ സംഘര്‍ഷങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Related News