പഞ്ചനക്ഷത്ര ഹോട്ടലില്‍ രണ്ടുവര്‍ഷത്തോളം താമസിച്ച ശേഷം നയാപൈസ നല്‍കാതെ അതിഥി മുങ്ങി; നഷ്ടം 58ലക്ഷം രൂപ

  • 21/06/2023

ന്യൂഡല്‍ഹി: പഞ്ചനക്ഷത്ര ഹോട്ടലില്‍ രണ്ടുവര്‍ഷത്തോളം താമസിച്ച ശേഷം നയാപൈസ നല്‍കാതെ അതിഥി മുങ്ങി. അതോടെ ഹോട്ടലിന് ബില്‍ തുകയില്‍ നഷ്ടമായത് 58 ലക്ഷം രൂപ. എയറോസിറ്റിയില്‍ ഡല്‍ഹി ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവള(ഐ.ജി.ഐ.)ത്തിന് സമീപം റോസീറ്റ് ഹൗസ് എന്ന ഹോട്ടലാണ് അങ്കുശ് ദത്ത് എന്ന അതിഥിയുടെ തട്ടിപ്പിന് ഇരയായത്.


അങ്കുശിനെതിരേ റോസീറ്റ് ഹോട്ടല്‍ നടത്തിപ്പുകാരായ ബേഡ് എയര്‍പോര്‍ട്സ് ഹോട്ടല്‍ പ്രൈവറ്റ് ലിമിറ്റഡ് പ്രതിനിധി വിനോദ് മല്‍ഹോത്ര, ഐ.ജി.ഐ. പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ചില ഹോട്ടല്‍ ജീവനക്കാരുടെ സഹായത്തോടെയാണ് അങ്കുശ് തട്ടിപ്പു നടത്തിയതെന്ന് എഫ്.ഐ.ആറില്‍ പറയുന്നു. 603 ദിവസമാണ് അങ്കുശ്, ഹോട്ടലില്‍ താമസിച്ചത്. ഒരു രൂപ പോലും നല്‍കാതെ കടന്നുകളയുകയും ചെയ്തു.

ഹോട്ടലിന്റെ ഫ്രണ്ട് ഓഫീസ് ഡിപ്പാര്‍ട്മെന്റ് മേധാവി പ്രേം പ്രകാശിനെതിരേയും എഫ്.ഐ.ആറില്‍ പരാമര്‍ശമുണ്ട്. മുറികളുടെ നിരക്ക് നിശ്ചയിക്കാനും അതിഥികളുടെ വാടക ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സൂക്ഷിച്ചിട്ടുള്ള ഹോട്ടല്‍ കമ്ബ്യൂട്ടര്‍ സിസ്റ്റം പരിശോധിക്കാനും അനുമതിയുള്ള ആളുമാണ് പ്രേം പ്രകാശ്. ഇയാള്‍, ഹോട്ടല്‍ ചട്ടങ്ങള്‍ ലംഘിച്ച്‌ അങ്കുശിന് ദീര്‍ഘകാലം താമസിക്കാനുള്ള സൗകര്യം ഒരുക്കിയെന്ന് പരാതിയില്‍ പറയുന്നു. ഇതിന് അങ്കുശില്‍നിന്ന് പ്രേം പ്രകാശിന് പണം ലഭിച്ചിട്ടുണ്ടെന്നാണ് ഹോട്ടല്‍ അധികൃതര്‍ സംശയിക്കുന്നത്.

2019 മേയ് മുപ്പതിന് ഒരു ദിവസത്തേക്കാണ് അങ്കുശ് ഹോട്ടലില്‍ മുറി ബുക്ക് ചെയ്തത്. അത് അനുസരിച്ച്‌ മേയ് 31 അങ്കുശ് മുറി ഒഴിയണമായിരുന്നു. എന്നാല്‍ 2021 ജനുവരി 22 വരെ അങ്കുശ് ഹോട്ടലില്‍ താമസിക്കുകയായിരുന്നു. വാടക അടയ്ക്കാൻ 72 മണിക്കൂറില്‍ അധികം വൈകിയാല്‍ ഇക്കാര്യം സി.ഇ.ഒയെയും ഫിനാൻഷ്യല്‍ കണ്‍ട്രോളറെയും അറിയിക്കണമെന്നാണ് ഹോട്ടല്‍ചട്ടം. എന്നാല്‍ അങ്കുശ് പണം നല്‍കാത്ത കാര്യം പ്രേം പ്രകാശ് ഹോട്ടല്‍ സി.ഇ.ഒയെയോ ഫിനാൻഷ്യല്‍ കണ്‍ട്രോളറെയോ അറിയിച്ചിരുന്നില്ല. പകരം അങ്കുശ് വാടക കൊടുക്കാത്തത് പുറത്തറിയാത്ത വിധത്തില്‍ രേഖകളില്‍ കൃത്രിമം കാണിക്കുകയും ചെയ്തിരുന്നു. അങ്കുശിന്റെ ബില്‍, മറ്റ് അതിഥികളുടെ ബില്ലിനൊപ്പം ചേര്‍ക്കുക, മറ്റ് അതിഥികള്‍ അടച്ച ബില്ലില്‍ അങ്കുശിന്റെ പേര് ചേര്‍ക്കുക തുടങ്ങിയ കള്ളത്തരങ്ങളും ചെയ്തിരുന്നു. അങ്കുശ്, പ്രേം പ്രകാശിനും തിരിച്ചറിഞ്ഞതും അറിയാത്തതുമായ ഹോട്ടല്‍ ജീവനക്കാര്‍ക്കുമൊപ്പം ക്രിമിനല്‍ ഗൂഢാലോചന നടത്തിയെന്ന് എഫ്.ഐ.ആറില്‍ പറയുന്നു.

അങ്കുശ് പല തീയതികളിലായി പത്തുലക്ഷം, ഏഴുലക്ഷം, ഇരുപത് ലക്ഷം എന്നിങ്ങനെ ചെക്കുകള്‍ നല്‍കിയിരുന്നു. എന്നാല്‍ അക്കൗണ്ടില്‍ പണം ഇല്ലാതിരുന്നതിനെ തുടര്‍ന്ന് ഇവയെല്ലാം മടങ്ങി. എന്നാല്‍ ഇക്കാര്യവും പ്രേം പ്രകാശ് ഹോട്ടല്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നില്ല. ക്രമക്കേട് നടന്നതായി പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. പോലീസ് വിശദമായ അന്വേഷണത്തിലേക്ക് കടക്കാൻ ഒരുങ്ങുകയാണ്.

Related News