ഇത് നവ ഇന്ത്യ സൃഷ്ടിക്കുന്നതിലെ ഉത്തരവാദിത്വം: 470 വിമാനങ്ങൾ വാങ്ങുന്നതിനുള്ള കരാർ ഒപ്പുവെച്ച് എയർ ഇന്ത്യ

  • 23/06/2023



എയർ ഇന്ത്യ, 470 വിമാനങ്ങൾ വാങ്ങുന്നതിനുള്ള കരാർ ഒപ്പുവച്ചു. പാരിസിൽ നടക്കുന്ന എയർ ഷോയിലാണ് ബോയിങ്ങിൽനിന്നും എയർബസിൽ നിന്നുമായി വിമാനങ്ങൾ വാങ്ങുന്നതിനായി കരാർ ഒപ്പുവച്ചത്. എയർബസിന്റെ 250 ഉം ബോയിങ്ങിന്റെ 220 വിമാനങ്ങളും വാങ്ങാനാണ് കരാർ. 7000 കോടി ഡോളറിന്റേതാണ് (ഏകദേശം 5.74 ലക്ഷം കോടി രൂപ) ഉടമ്പടി. ഒരു നവ ഇന്ത്യ സൃഷ്ടിക്കുന്നതിൽ എയര്‍ ഇന്ത്യയ്ക്കും പങ്കുണ്ടെന്ന് കരാര്‍ വിവരം പുറത്തുവിട്ടുകൊണ്ടുള്ള ട്വീറ്റില്‍ എയര്‍ ഇന്ത്യ അറിയിച്ചു. 

പുതുതായി വാങ്ങുന്നതിൽ 70 എണ്ണം വലിയ വിമാനങ്ങളാണ്. ഇതിൽ 34 A350-1000s വിമാനങ്ങളും ആറ് 350-900എസ് എയർബസ് വിമാനങ്ങളും ഉൾപ്പെടുന്നു. ഇതിന് പുറമേ ബോയിങ്ങിന്റെ 20 ഡ്രീംലൈനർ വിമാനങ്ങളും 10 777x വിമാനവും എയർ ഇന്ത്യ വാങ്ങുന്നുണ്ട്. 140 എയർബസ് A320 നിയോ, 70 എയർബസ് A321 നിയോ, 190 ബോയിങ് 737 മാക്സ് വിമാനങ്ങളും ഉൾപ്പെടും. വലിയ വിമാനങ്ങള്‍ ദീര്‍ഘദൂര യാത്രകള്‍ക്കും ചെറുവിമാനങ്ങള്‍ ആഭ്യന്തര- ഹ്രസ്വദൂര രാജ്യാന്തര യാത്രകള്‍ക്കുമാണ് ഉപയോഗിക്കുക. 

കഴിഞ്ഞ ഫെബ്രുവരിയിലാണ് എയര്‍ ഇന്ത്യ 7000 കോടി ഡോളര്‍ മുടക്കി വിമാനങ്ങള്‍ വാങ്ങുന്ന വിവരം പ്രഖ്യാപിച്ചത്. ടാറ്റ ഗ്രൂപ്പ് എയര്‍ ഇന്ത്യയെ വീണ്ടും ഏറ്റെടുത്ത ശേഷം ഒരു വര്‍ഷത്തിനുള്ളിലാണ് ഇത്രയും വലിയ കരാര്‍ അന്തിമ തീരുമാനത്തിലെത്തിയിരിക്കുന്നത്. ‘ആധുനിക വ്യോമയാന രംഗത്തിന്റെ പ്രതിനിധികളായി ഞങ്ങള്‍ മാറുമെന്നാണ് പ്രതീക്ഷ’ എന്നാണ് ടാറ്റ സണ്‍സ് ആന്‍ഡ് എയര്‍ ഇന്ത്യ ചെയര്‍മാന്‍ എന്‍.ചന്ദ്രശേഖരന്‍ പ്രതികരിച്ചത്. 

കഴിഞ്ഞ തിങ്കളാഴ്ച മറ്റൊരു ഇന്ത്യന്‍ കമ്പനിയായ ഇന്‍ഡിഗോ 500 വിമാനങ്ങള്‍ വാങ്ങുന്നുവെന്നു പ്രഖ്യാപിച്ചിരുന്നു. എര്‍ബസ് എ320 നിയോ വിമാനങ്ങളാണ് ഇന്‍ഡിഗോ വാങ്ങുക. വിമാനങ്ങളുടെ എണ്ണത്തില്‍ ഇന്‍ഡിഗോയുടെ കരാര്‍ എയര്‍ ഇന്ത്യയെക്കാള്‍ വലുതാണെങ്കിലും ആകെ ചെലവിടുന്ന പണത്തിന്റെ കാര്യത്തില്‍ എയര്‍ ഇന്ത്യ കരാര്‍ തന്നെയാണു മുന്നിൽ. ആകെ 5000 കോടി ഡോളര്‍ മൂല്യമുള്ള വിമാനങ്ങളായിരിക്കും ഇന്‍ഡിഗോ വാങ്ങുക. 

Related News