എലോൺ മസ്കിനെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് ക്ഷണിച്ച് കർണാടക സർക്കാർ

  • 24/06/2023




ശതകോടീശ്വരനായ എലോൺ മസ്കിനെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് ക്ഷണിച്ച് കർണാടക സർക്കാർ. ബിസിനസ് തുടങ്ങാനാണ് ക്ഷണം. കർണാടക വാണിജ്യ വ്യവസായ മന്ത്രി എം ബി പാട്ടീൽ ഒരു ട്വിറ്റിലൂടെയാണ് തന്റെ സംസ്ഥാനമായ കർണാടകയാണ് ടെസ്‌ലയുടെ ഇന്ത്യയിലേക്കുള്ള വ്യാപനത്തിന് അനുയോജ്യമായ സ്ഥലമെന്ന് കുറിച്ചിരിക്കുന്നത്. 

അടുത്ത ദശാബ്ദങ്ങളിൽ സംസ്ഥാനത്തെ മുന്നോട്ട് നയിക്കുന്നതിന്റെ ഭാഗമായി സാങ്കേതികവിദ്യയുടെയും 5.0 നിർമ്മാണത്തിന്റെയും കേന്ദ്രമായി മാറുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും പാട്ടീൽ പറഞ്ഞു. പുരോഗമനത്തിന്റെ പാതയിലുള്ള സംസ്ഥാനമെന്ന നിലയിൽ ടെസ്‌ലയ്ക്കും സ്റ്റാർലിങ്ക് ഉൾപ്പെടെയുള്ള എലോൺ മസ്‌കിന്റെ സംരംഭങ്ങൾക്കും ആവശ്യമായ സൗകര്യങ്ങൾ നൽകാനും പിന്തുണയ്ക്കാനും കർണാടക തയ്യാറാണെന്നും മസ്കിനെ ടാഗ് ചെയ്ത ട്വിറ്റിൽ മന്ത്രി കുറിച്ചു.

അതിനിടെ, യുഎസ് സന്ദർശന വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ടെസ്‌ലയെയും ട്വിറ്റർ മേധാവി എലോൺ മസ്‌കിനെയും കണ്ടത് വാർത്തയായിരുന്നു. ഇലക്ട്രിക് മൊബിലിറ്റിയിലും അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന വാണിജ്യ ബഹിരാകാശ മേഖലയിലും നിക്ഷേപം നടത്താനും ഇന്ത്യയിലെ അവസരങ്ങളെ കുറിച്ച് കൂടുതൽ അറിയാനും കൂടിയാണ് അദ്ദേഹത്തെ ക്ഷണിച്ചിരുന്നു. 

പ്രധാനമന്ത്രി മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിച്ച സ്പേസ് എക്‌സിന്റെ സിഇഒ കൂടിയായ മസ്‌ക്, ഇന്ത്യയുടെ ഭാവിയെക്കുറിച്ച് താൻ അവിശ്വസനീയമാംവിധം ആവേശഭരിതനാണെന്നും ലോകത്തിലെ ഏത് വലിയ രാജ്യത്തേക്കാളും ഇന്ത്യക്ക് കൂടുതൽ വളർച്ചയുണ്ടാകുമെന്നും പറഞ്ഞു.

അടുത്ത വർഷം വീണ്ടും ഇന്ത്യ സന്ദർശിക്കാൻ താൻ പദ്ധതിയിടുകയാണെന്നും അതിനായി കാത്തിരിക്കുകയാണെന്നും മസ്‌ക് പ്രതികരിച്ചിരുന്നു. തന്റെ കാർ കമ്പനിയായ ടെസ്‌ല കഴിയുന്നത്ര വേഗത്തിൽ ഇന്ത്യയിലേക്ക് കൂടി എത്തുമെന്ന് തനിക്ക് ആത്മവിശ്വാസമുണ്ടെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി മസ്‌ക് പറഞ്ഞു.

Related News