ഓൺലൈനിൽ ഓർഡർ ചെയ്ത വസ്തു ഉടമസ്ഥന് ലഭിച്ചത് നാല് വർഷത്തിന് ശേഷം

  • 24/06/2023

നമ്മളിൽ കുറച്ച് പേരെങ്കിലും ഓൺലൈനിൽ സ്ഥിരമായി സാധനങ്ങൾ ഓർഡർ ചെയ്യുന്നവരായിരിക്കും. ഓർഡർ ചെയ്ത വസ്തു ലഭിക്കാൻ പരമാവധി എത്ര നാൾ വരെ കാത്തിരിക്കാൻ നിങ്ങൾ തയ്യാറാണ് ? രണ്ട് ദിവസം? അതോ പരമാവധി ഒരാഴ്ചയോ? എന്തായാലും അതിനപ്പുറത്തേക്ക് കാത്തിരിക്കാൻ ആർക്കും അത്ര താല്പര്യം കാണില്ല. എന്നാൽ, കാത്തിരിപ്പിൻറെ സർവ്വകാല റെക്കോർഡുകളും തകർത്തിരിക്കുകയാണ് ഡൽഹി സ്വദേശിയായ ഒരു ടെക്കി. ഓൺലൈനിൽ ഓർഡർ ചെയ്ത ഒരു വസ്തു അദ്ദേഹത്തെ തേടിയെത്തിയത് നാല് വർഷത്തിന് ശേഷമാണ്. തനിക്കുണ്ടായ ഈ അനുഭവം അദ്ദേഹം തൻറെ സാമൂഹിക മാധ്യമ പേജിലൂടെ പങ്കുവച്ചു. 

നിതിൻ അഗർവാൾ എന്ന യുവാവാണ് തൻറെ അനുഭവം വിവരിച്ചത്. ഒരിക്കലും പ്രതീക്ഷ കൈവിടരുതെന്ന് തുടങ്ങുന്ന ഒരു കുറിപ്പിലൂടെയാണ് അദ്ദേഹം തൻറെ നാല് വർഷം നീണ്ട കാത്തിരിപ്പിൻറെ കഥ പറഞ്ഞത്. 2019 ലാണ് അലി എക്‌സ്പ്രസ് എന്ന ഓൺലൈൻ സൈറ്റിലൂടെ നിതിൻ ഒരു വസ്തു ഓർഡർ ചെയ്യുന്നത്. 2019 മെയ് മാസത്തിലാണ് അദ്ദേഹം സാധനം ഓർഡർ ചെയ്തത്. ഇതിനിടെ അലി എക്‌സ്പ്രസ് എന്ന ഓൺലൈൻ ട്രേഡിംഗ് സൈറ്റ് നിലവിൽ ഇന്ത്യയിൽ നിരോധിച്ചു. ഒടുവിൽ സൈറ്റ് നിരോധം നേരിട്ട് പിന്നെയും വർഷങ്ങൾ കഴിഞ്ഞാണ് തനിക്ക് ഓർഡർ ചെയ്ത വസ്തു കൈയിൽ കിട്ടിയതെന്നും ഇതിനിടെ നാല് വർഷങ്ങൾ കടന്നുപോയെന്നും അദ്ദേഹം പാർസലിൻറെ ചിത്രം സഹിതം കുറിച്ചു. 

അലി എക്‌സ്പ്രസ്  ചൈനീസ് മൾട്ടിനാഷണൽ കോർപ്പറേഷനായ അലിബാബയുടെ ഉടമസ്ഥതയിലുള്ള ഒരു ഓൺലൈൻ റീട്ടെയിൽ സേവന സൈറ്റാണ്.  സുരക്ഷാ പ്രശ്നങ്ങൾ കാരണം 2020-ൽ ഇന്ത്യയിൽ നിരോധിച്ച  TikTok ഉൾപ്പെടെയുള്ള എണ്ണമറ്റ ചൈനീസ് ആപ്പുകളിൽ ഒന്നാണിത്. നിതിൻ അഗർവാളിൻറെ പോസ്റ്റ് വൈറലായതോടെ തങ്ങൾക്ക് നേരിട്ട സമാന അനുഭവങ്ങൾ പങ്കുവെച്ചുകൊണ്ട് നിരവധി പേരാണ് രംഗത്ത് വന്നത്. അതിൽ ആറര വർഷം മുതൽ 8 വർഷം വരെ ഓർഡർ ചെയ്ത പാർസലനായി കാത്തിരുന്നവരും ഉൾപ്പെട്ടിരുന്നുവെന്നതാണ് യാഥാർത്ഥ്യം.

Related News