മണിപ്പൂർ സംഘർഷം: സര്‍വകക്ഷി യോഗത്തില്‍ മുഖ്യമന്ത്രി ബിരേൻ സിംഗിന്റെ രാജി ആവര്‍ത്തിച്ച്‌ ആവശ്യപ്പെട്ട് പ്രതിപക്ഷം

  • 24/06/2023

ദില്ലി : മണിപ്പൂരിലെ കലാപ സാഹചര്യം ചര്‍ച്ച ചെയ്യാൻ കേന്ദ്ര സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷി യോഗത്തില്‍ മുഖ്യമന്ത്രി ബിരേൻ സിംഗിന്റെ രാജി ആവര്‍ത്തിച്ച്‌ ആവശ്യപ്പെട്ട് പ്രതിപക്ഷം. ബിരേൻ സിംഗ് രാജി വെച്ചാല്‍ മാത്രമേ ഫലപ്രദമായ ചര്‍ച്ചകള്‍ നടക്കുവെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആഭ്യന്തരമന്ത്രി അമിത് ഷായെ അറിയിച്ചു.


പ്രധാനമന്ത്രി നരേന്ദ്രമോദി വിഷയത്തില്‍ സംസാരിക്കണമെന്ന് യോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ട കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ആര്‍എസ്‌എസ് പോലും വിഷയത്തില്‍ പ്രതികരിച്ച സാഹചര്യത്തിലും പ്രധാനമന്ത്രി പുലര്‍ത്തുന്ന മൌനം ചോദ്യം ചെയ്യപ്പെടേണ്ടതാണ്. മണിപ്പൂരിന്റെ വേദന രാജ്യത്തിന്റെ വേദനയാണ്.

ഈ നിര്‍ണായക സമയത്ത് പ്രധാനമന്ത്രി വിദേശ പര്യടനത്തിലാണ്. വിഷയത്തില്‍ ഒരക്ഷരം പോലും പ്രതികരിച്ചിട്ടില്ല. ബീരേൻ സിംഗ് മുഖ്യമന്ത്രി സ്ഥാനത്ത് ഉള്ളിടത്തോളം സംസ്ഥാനത്ത് സമാധാനം ഉണ്ടാകില്ല. പ്രധാനമന്ത്രി മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെടണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

Related News